കൊച്ചി: എറണാകുളം ലോ കോളേജ് പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ലോ കോളേജ് പ്രിന്‍സിപ്പലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച തന്നെ ഇതിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
നടി പരാതി നല്കിയില്ലെങ്കിലും വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം അംഗീകരിക്കാനാവാത്ത സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയതെന്ന് പ്രിന്‍സിപ്പല്‍ ബിന്ദു നമ്പ്യാര്‍ പറഞ്ഞു.
പുതിയ ചിത്രം തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളേജ് യൂണിയന് ഉദ്ഘാടനത്തിന് ഇടയിലാണ് സംഭവമുണ്ടായത്. പൂ നല്‍കാനായി അപര്‍ണയുടെ അടുത്തെത്തിയ വിദ്യാര്‍ത്ഥി താരത്തിന്റെ കയ്യില്‍ കടന്നു പിടിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയുമായിരുന്നു. തോളില്‍ കയ്യിടുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറിയ അപര്‍ണ തന്റെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. അതിനു പിന്നാലെ ക്ഷമാപണം നടത്തിയ വിദ്യാര്‍ത്ഥി വീണ്ടും അപര്‍ണയുടെ അടുത്തെത്തി കൈകൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു.
അതിനു പിന്നാലെ പ്രതികരണവുമായി അപര്‍ണ തന്നെ രംഗത്തെത്തി. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളേജ് വിദ്യാര്‍ത്ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു. ‘കൈപിടിച്ച് എഴുന്നേല്പിച്ചതു തന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണു കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി’- അപര്‍ണ പറഞ്ഞു.
Post Your Comments