രാജാക്കാട്: നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലും സ്കൂൾ ബസിലുമിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന വെള്ളത്തൂവൽ കാക്കാസിറ്റി പെന്നോത്ത് തങ്കച്ചന്റെ മകൻ എബിൻ(20), ഇടുക്കി സൈബർ സെൽ എസ്ഐ രാജാക്കാട് ഊന്നനാൽ ജിജി എന്നിവർക്കാണ് പരിക്കേറ്റത്. മുല്ലക്കാനം സാൻജോ കോളജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് എബിൻ.
ഇന്നലെ രാവിലെ 8.50-ന് ആണ് സംഭവം. രാജാക്കാട് പൊന്മുടി റോഡിൽ സിൻസിയർ ഓട്ടോമൊബൈൽ വർക്ക് ഷോപ്പിനു മുൻവശത്തുള്ള റോഡിലാണ് അപകടം നടന്നത്. എബിൻ വീട്ടിൽ നിന്ന് കോളജിലേക്കു പോകുന്ന വഴിയാണ് നിയന്ത്രണം വിട്ട് ജിജിയുടെ ബൈക്കിന്റെ സൈലൻസറും സീറ്റും ഇടിച്ചു തെറിപ്പിച്ച് എതിർവശത്ത് വശം ചേർത്തു നിർത്തിയ സ്കൂൾ ബസിന്റെ മുൻഭാഗത്ത് ഇടിച്ചത്.
Read Also : സംസ്ഥാനത്ത് പോക്സോ കേസുകളിൽ വൻ വർധന; കഴിഞ്ഞ വർഷം റിപ്പോര്‍ട്ട് ചെയ്തത് 4215 കേസുകള്‍
ബസിനടിയിൽ കുടുങ്ങിയ എബിനെ സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. തുടർന്ന്, രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വിദഗ്ധ ചികിത്സക്കായി അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ എസ്ഐ ജിജിയെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന്, കൈക്കു പൊട്ടൽ ഉള്ളതിനാൽ മുരിക്കാശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments