ഹൈദരാബാദ്: തെലങ്കാനയില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ കാറില്‍ തീക്കൊളുത്തി മരിച്ചുവെന്ന് കരുതിയിരുന്ന സംഭവത്തില്‍ വന്‍ വഴിത്തിരിവ്. ഇന്‍ഷുറന്‍സ് തുകയായ ആറ് കോടി രൂപ തട്ടിയെടുക്കാന്‍ സ്വയം മരിച്ചതായി വ്യാജവാര്‍ത്ത ചമച്ചുവെന്നാണ് കണ്ടെത്തല്‍.
Read Also: സർക്കാർ വാഹനങ്ങളെ ഇനി എളുപ്പത്തിൽ തിരിച്ചറിയാം, ഏകീകൃത നമ്പർ സിസ്റ്റം ഉടൻ
എട്ട് ദിവസം മുമ്പ് മേഡക്കില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എം ധര്‍മ്മ നായിക്കിന്റെ കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംശയസ്പദമായ മരണത്തില്‍ പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സ്വന്തം കൊലപാതകം അരങ്ങേറാന്‍ അയാള്‍ മറ്റൊരാളെ, മിക്കവാറും ഒരു വാടക ഡ്രൈവറെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നായിക് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയ പോലീസ് ചൊവ്വാഴ്ച പൂനെയില്‍ നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു. പ്രത്യേക പോലീസ് സംഘം ഇയാളെ ചോദ്യംചെയ്ത് വരികയാണ്.
ജനുവരി 9നാണ് മേഡക്കിലെ വെങ്കടാപൂരില്‍ ഒരു കാര്‍ തീപിടുത്തത്തില്‍ കത്തുന്നത് കണ്ടത്. ഈ വിവരം ഗ്രാമവാസികളില്‍ ഒരാളാണ് പോലീസിനെ അറിയിച്ചത്. വാഹനം റോഡരികിലെ തോട്ടിലേക്ക് തെന്നി തീപിടിച്ചതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടന്ന സ്ഥലത്തുനിന്ന് ഒരു പെട്രോള്‍ കുപ്പിയും വസ്ത്രങ്ങളും ഐഡി കാര്‍ഡും അടങ്ങിയ ബാഗും പോലീസ് കണ്ടെത്തിയതോടെയാണ് കഥയുടെ ചുരുളഴിയുന്നത്.
കാലില്‍ ഉണ്ടായിരുന്ന പാടിന്റെ അടിസ്ഥാനത്തില്‍ മരിച്ചത് എം ധര്‍മ്മ നായിക്കാണെന്ന് കരുതി കുടുംബം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്‌കരിച്ചിരുന്നു.
എന്നാല്‍, മരിച്ചത് ധര്‍മ്മനായിക്കല്ലെന്ന് തിരിച്ചറിഞ്ഞതോടെ യഥാര്‍ത്ഥത്തില്‍ മരിച്ചയാളെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടരുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഐഡന്റിറ്റി കണ്ടെത്താനായിട്ടില്ല. നായിക്കിന്റെ പേരില്‍ നിരവധി ഇന്‍ഷുറന്‍സുകളുണ്ട്. ഇതിനായിട്ടായിരിക്കാം മറ്റൊരാളെ കൊലപ്പെടുത്തി സ്വന്തം മരണം ഉണ്ടാക്കിയതായി സംശയിക്കുന്നത്.
Post Your Comments