IdukkiLatest NewsKeralaNattuvarthaNews

കാട്ടാനയെ കണ്ട് ഭയന്നോടി വീണു : ഗര്‍ഭിണിക്ക് ഗുരുതര പരിക്ക്, ഗർഭസ്ഥ ശിശു മരിച്ചു

ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടി സ്വദേശിനി അംബിക (36) ആണ് ആനയെ കണ്ട് പേടിച്ചോടുന്നതിനിടെ വീണ് പരിക്കേറ്റത്

മൂന്നാർ: ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടി വീണ് ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് ഗുരുതര പരിക്ക്. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടി സ്വദേശിനി അംബിക (36) ആണ് ആനയെ കണ്ട് പേടിച്ചോടുന്നതിനിടെ വീണ് പരിക്കേറ്റത്. ഏഴു മാസം ഗർഭിണിയായിരുന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ ഗർഭസ്ഥ ശിശു മരിച്ചു. ആംബുലൻസ് സൗകര്യമില്ലാത്തതിനെ തുടർന്ന് യുവതിയെ മൂന്നാറിലെത്തിച്ചത് 10 മണിക്കൂറിനു ശേഷമാണെന്ന് ബന്ധുക്കള്‍ പറയുന്നു.

Read Also : ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് മര്‍ദ്ദിച്ചു; വിദ്യാർത്ഥി ആശുപത്രിയില്‍ അധ്യാപകനെതിരെ കേസ് 

രാവിലെ എട്ടു മണിയോടെയാണ് സംഭവം. കുളിക്കാൻ പോയ യുവതി കാട്ടാനയെ കണ്ട് പേടിച്ചോടുകയായിരുന്നു. ഓട്ടത്തിനിടയില്‍ വീണ് പുഴയോരത്ത് രക്തസ്രാവമുണ്ടായി ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ബന്ധുക്കൾ അംബികയെ കണ്ടെത്തിയത്. തുടര്‍ന്ന്, ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടർന്ന് ഇടമലക്കുടി സർക്കാർ ആശുപത്രിയിലെ ഡോ. അഖിൽ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. എന്നാൽ, ആംബുലൻസ് ലഭിക്കാതെ വന്നതോടെ യുവതിയെ സ്ട്രെച്ചറിൽ കിടത്തിയ ശേഷം ജീപ്പിൽ കെട്ടി വച്ചാണ് പെട്ടി മുടിയിലെത്തിച്ചത്. അവിടെ നിന്നും 108 ആംബുലൻസിൽ വൈകിട്ട് ഏഴുമണിയോടെ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞു മരിച്ചതായി കണ്ടെത്തിയെങ്കിലും സൗകര്യ കുറവുമൂലം ഐസിയു ആംബുലൻസിൽ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

നിലവിൽ അംബിക ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയിലാണ്. കുട്ടിയെ പുറത്തെടുത്തെങ്കിലും യുവതിയുടെ നില ഗുരുതരമായിരുന്നു. ഇടമലക്കുടി സ്വദേശിയായ അസ്മോഹനാണ് യുവതിയുടെ ഭര്‍ത്താവ്. യുവതിക്ക് മൂന്നു കുട്ടികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button