വീണ്ടും വിമാന അപകടം ഉണ്ടായതിന്റെ വേദനയിലാണ് നേപ്പാൾ. യതി എയര്‍ലൈന്‍സിന്റെ എടിആര്‍-72 വിമാനമാണ് കഴിഞ്ഞ ദിവസം തകർന്നത്. ഇതിലെ 68 യാത്രക്കാരും 4 ജീവനക്കാരും മരണപ്പെട്ടു. ഇപ്പോഴിതാ പത്തു വർഷങ്ങൾക്ക് മുൻപ് ഇത് പോലെയൊരു അപകടത്തിൽ മകളെയും ഭാര്യയേയും നഷ്ടപ്പെട്ട വേദനയെക്കുറിച്ചു പങ്കുവച്ച് ഹരീഷ് സച്ച്‌ദേവ്.
മലയാളികൾക്കും ഏറെ പരിചിതയായ ബാലതാരം തരുണി സച്ച്‌ദേവിന്റെ പിതാവാണ് ഹരീഷ് സച്ച്‌ദേവ്. 2012ല്‍ നേപ്പാളിലെ ജോംസാം മേഖലയില്‍ നടന്ന വിമാന അപകടത്തിലാണ് തരുണിയും അമ്മ ഗീത സച്ച്‌ദേവും മരണപ്പെടുന്നത്.
വീണ്ടും ഒരു വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോള്‍ തനിക്ക് വളരെ ദേഷ്യം വന്നുവെന്ന് ഹരീഷ് പറയുന്നു.’ ഇക്കൂട്ടര്‍ ഇപ്പോഴും ജാഗരൂകരല്ല. ഇത്തരത്തില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് അറിയില്ല. ഈ ആളുകളുടെ വിമാനങ്ങള്‍ വളരെ പഴയതാണ്. സ്വന്തം നേട്ടത്തിനായി മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ല. എന്റെ മകളും ഭാര്യയും ഇതേ രീതിയില്‍ എന്നില്‍ നിന്ന് അകന്നു. ഇന്നും ആ സംഭവം ഓര്‍ക്കുമ്പോള്‍ നടുക്കം വരും. വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം. ദുഃഖത്തില്‍ നിന്ന് കരകയറാന്‍ ദൈവം അവര്‍ക്ക് ധൈര്യവും ശക്തിയും നല്‍കട്ടെ.’- ഹരീഷ് സച്ച്‌ദേവ് പറഞ്ഞു.
‘അന്ന് ഞാന്‍ മുംബൈയിലായിരുന്നു, ഭാര്യയും മകളും ദര്‍ശനത്തിനായി നേപ്പാളിലേക്ക് പോയിരുന്നു. മകള്‍ക്ക് അവിടെ പോകാന്‍ തീരെ ആഗ്രഹമില്ലായിരുന്നു. അവള്‍ ഗോവയില്‍ പോകാന്‍ ഒരു പദ്ധതി തയ്യാറാക്കി. എന്നോട് പറഞ്ഞു, ‘അച്ഛാ നമുക്ക് ഗോവയിലേക്ക് പോകാം, എനിക്ക് എവിടെ പാരാഗ്ലൈഡിംഗ് ചെയ്യണം.’ എന്നാല്‍, എന്റെ ഭാര്യ അവളുടെ കൂട്ടുകാര്‍ക്കൊപ്പം നേപ്പാള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു, അതിനാല്‍ അവള്‍ മകളെയും കൂട്ടി. എന്തെങ്കിലും മോശം സംഭവിക്കാന്‍ പോകുന്നു എന്ന മുന്‍കരുതല്‍ എന്റെ മകള്‍ക്ക് ഉണ്ടായിരുന്നിരിക്കാം. വിമാനത്തില്‍ കയറുമ്പോള്‍ തരുണി തന്റെ കൂട്ടുകാരിലൊരാള്‍ക്ക് മെസ്സേജ് അയച്ചു, ‘ഈ വിമാനം തകര്‍ന്നാല്‍ ഞാന്‍ നിന്നോട് ഐ ലവ് യു എന്ന് പറയും.’ ഇതായിരുന്നു ആ സന്ദേശം . അന്ന് ആളുകള്‍ മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്നത് കണ്ട് ഞാന്‍ ഞെട്ടി . പണവും സ്വര്‍ണാഭരണങ്ങളും പുതിയ ഫോണുമായി ഭാര്യ പോയി. സാധനങ്ങള്‍ എല്ലാം കൂടി നാല് ലക്ഷം രൂപയോളം വരും. എനിക്ക് ഒന്നും തിരിച്ചു കിട്ടിയില്ല. എന്റെ മകളുടെ ഫോണും ഒരു ഡിവിഡി കാസറ്റും എനിക്ക് ലഭിച്ചു. എന്റെ മകളുടെയും ഭാര്യയുടെയും മൃതദേഹത്തിനും സാധനങ്ങള്‍ക്കും വേണ്ടി ഞാന്‍ നേപ്പാളില്‍ ഒരുപാട് അലഞ്ഞു . അതിനിടയില്‍ എംബസിയില്‍ നിന്ന് സഹായം ലഭിക്കുമെന്ന് പറഞ്ഞെങ്കിലും പിന്തുണ ലഭിച്ചില്ല. എന്റെ മകളുടെയും ഭാര്യയുടെയും മരണശേഷം നേപ്പാള്‍ സര്‍ക്കാരില്‍ നിന്ന് എനിക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ഇന്ന് ഞാന്‍ ആത്മീയതയുടെ പാതയിലാണ്. ഞാന്‍ വീട്ടില്‍ ഒരു ക്ഷേത്രം പണിതു അവിടെ പൂജിച്ചു. ആത്മീയത കൊണ്ട് മാത്രമാണ് എനിക്ക് അതിജീവിക്കാന്‍ കഴിഞ്ഞത്. ഇനി ജീവനുള്ളിടത്തോളം ഭക്തി മാത്രമേ ചെയ്യാനുള്ളൂ.’ – ഹരീഷ് പങ്കുവച്ചു.
Post Your Comments