കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തമിഴ് വംശജരുടെ പ്രതിഷേധം. ഞായറാഴ്ച ജാഫ്ന സര്‍വകലാശാലയ്ക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രീലങ്കന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധക്കാര്‍ ഷാപൂ കൊണ്ട് മുടി കഴുകിയാണ് ഇതിനെ നേരിട്ടത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ തമിഴ് ഗാര്‍ഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡോ. തുഷ്യന്‍ നന്ദകുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ശ്രീലങ്കയിലെ നല്ലൂരില്‍ നടന്ന ഏറ്റുമുട്ടലിനിടെ പ്രതിഷേധക്കാര്‍ പോലീസിന് നേരെ ചാണകം കലക്കിയ വെള്ളം ഒഴിക്കുന്നതും തമിഴ് ഗാര്‍ഡിയന്റെ ദൃശ്യങ്ങളില്‍ കാണാം. പ്രതിഷേധക്കാരെ നേരിടാന്‍ ശ്രീലങ്കന്‍ പോലീസ് റോഡില്‍ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്.
ആയുധധാരികളായ എസ്ടിഎഫ് സൈനികരും പോലീസിനൊപ്പം സമരക്കാരെ നേരിടാന്‍ എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ പ്രതിഷേധക്കാര്‍ മുന്നോട്ട് നീങ്ങി. തമിഴ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, അധിനിവേശ തമിഴ് ഭൂമികള്‍ വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
Post Your Comments