തിരുവനന്തപുരം: ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുള്ളവർ തന്നെ ഭരണഘടന ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യം കടന്നുപോകുന്നത് പ്രത്യേക ഘട്ടത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാസംരക്ഷണം ഏറ്റവും പ്രധാനം എന്ന് എല്ലാവരും കരുതേണ്ട കാലത്ത് കൂടിയാണ് നാം കടന്നു പോകുന്നത്. ബ്രിട്ടീഷുകാർ രാജ്യം വിട്ടുപോകേണ്ടെന്ന് ആഗ്രഹിച്ച ചിലരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആൻഡമാൻ ജയിലിൽ അടയ്ക്കപ്പെട്ട ഒരാൾ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്തു. ബ്രിട്ടീഷ് സർക്കാരിനെതിരെ ഒന്നും ചെയ്യില്ല എന്നാണ് എഴുതികൊടുത്തത്. അദ്ദേഹത്തിന്റെ പേരാണ് സവർക്കർ. ഇപ്പോൾ വീര സവർക്കർ എന്നാണ് വിളിക്കുന്നത്. ഇവരുടെ മുൻഗാമികൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തിന്റെ ഭരണം ഇവരുടെ പിൻഗാമികളുടെ കയ്യിലാണ് എത്തിയിരിക്കുന്നത്. ബിജെപിക്ക് നേതൃത്വം കൊടുക്കുന്നത് ആർഎസ്എസ് ആണ്. ഭരണഘടന, മതനിരപേക്ഷത, ജനാധിപത്യം എന്നിവ ആർഎസ്എസ് അംഗീകരിക്കുന്നില്ല. ആർഎസ്എസിന് വേണ്ടത് മതാധിഷ്ഠിത രാജ്യമാണ്. ആർഎസ്എസ് മാതൃകയാക്കിയത് ഹിറ്റ്ലറെയാണ്. ഹിറ്റ്‌ലറുടെ മാതൃക ലോകമാകെ തള്ളിപ്പറഞ്ഞതാണ്. ന്യൂനപക്ഷങ്ങളോട് നിങ്ങൾ സമന്മാർ അല്ല എന്നാണ് ആർഎസ്എസ് പറയുന്നത്. ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാന്നും സ്വാതന്ത്ര്യമുള്ള ഭരണഘടനയുള്ള രാജ്യത്താണ് ഇതെല്ലാം സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments