ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ജല്ലിക്കെട്ട്’. ആന്റണി വര്‍ഗീസും ചെമ്പൻ വിനോദുമായിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ചിത്രീകരണത്തിനിടെ നേരിട്ട അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ആന്റണി വര്‍ഗീസ്. ജെല്ലിക്കെട്ട് മോശം അവസ്ഥയായിരുന്നു എന്നും ഓടിപ്പോയാലോ എന്ന് തോന്നിട്ടുണ്ടെന്ന് താരം പറയുന്നു.
‘ജെല്ലിക്കെട്ട് മോശം അവസ്ഥ ആയിരുന്നു. കട്ടപ്പനയില്‍ ഡാമിന്റെ റിസര്‍വോയറിലായിരുന്നു സിനിമയുടെ ഷൂട്ട്. അവിടെ ഭയങ്കര തണുപ്പാണ്. ഡിസംബറിലായിരുന്നു ഷൂട്ട്. ആ സമയത്ത് തണുപ്പ് കൂടും. വൈകുന്നേരം ആറ് മണിക്ക് ഞങ്ങളെ അവിടെ കൊണ്ടുപോയി നിര്‍ത്തും, എന്നിട്ട് ആദ്യം തന്നെ തലയിലൂടെ വെള്ളം ഒഴിക്കും. അതിന് ശേഷം ചെളിയില്‍ ആകെ മുക്കും’.
‘ഇതിനുശേഷം വെളുപ്പിന് ആറ് മണി വരെ ഇങ്ങനെ നിൽക്കണം. അതിനിടെ രാത്രി ഒമ്പതര ഒക്കെ ആകുമ്പോള്‍ ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ വന്ന് കുളിക്കും. അങ്ങനെ കുളിക്കാനായി കാത്തിരിക്കുകയാവും ഞങ്ങള്‍. അരമണിക്കൂറിന് ശേഷം വീണ്ടും ചെളിയില്‍’.
‘ജെല്ലിക്കെട്ടിന്റെ ആ ഷൂട്ടിങ്ങിലൂടെ ഞാന്‍ ജീവിതത്തില്‍ ചെയ്ത പാപങ്ങളും ചെയ്യാന്‍ പോകുന്ന പാപങ്ങളും ക്ഷമിച്ചെന്ന് തോന്നുന്നുണ്ട്. ഇനി എനിക്ക് ധൈര്യമായി പാപം ചെയ്യാം. അതേപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. ശരിക്കും ഞാന്‍ ഓടിപ്പോയാലോ എന്ന് ആ സമയത്ത് ആലോചിച്ചിരുന്നു,’ ആന്റണി വര്‍ഗീസ് പറഞ്ഞു.
Post Your Comments