റിയാദ്: ഹജ് തീർത്ഥാടകരുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ സ്മാർട്ട് കാർഡ് പുറത്തിറക്കുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹജ് അപേക്ഷയുമായി ബന്ധിപ്പിക്കുന്നതോടെ തീർത്ഥാടകരുടെ യാത്രാ നടപടികൾ, താമസം, ആരോഗ്യം, ചികിത്സാ വിവരങ്ങൾ തുടങ്ങിയവ കാർഡിൽ ലഭ്യമാകും. ഹജ് തീർത്ഥാടക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് അധികൃതർ അറിയിച്ചു.
മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രവേശന നടപടികൾ സുഗമമാക്കാൻ പുതിയ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, തീർത്ഥാടനത്തിനായി സൗദിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 70,000-ത്തിലധികം പേരാണ്. ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്താണ് ഇക്കാര്യം അറിയിച്ചത്. ഹജ് നിർവഹിക്കുന്നതിന് 5 മാസം മുൻപ് മുഴുവൻ തുകയും അടയ്ക്കുന്നതിന് പകരം തീർത്ഥാടകർക്ക് 3 ഗഡുക്കളായി പണം അടയ്ക്കാൻ കഴിയുമെന്നും അദ്ദേഹം വിശദമാക്കി.
ഹജ് തീർത്ഥാടനത്തിനായി ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ കഴിഞ്ഞ ദിവസം സൗദി ആരംഭിച്ചിരുന്നു. ആഭ്യന്തര തീർത്ഥാടകരിൽ നിന്നുള്ള രജിസ്‌ട്രേഷൻ അപേക്ഷകൾ ഹജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ, നുസുക് ആപ്പ് ഉപയോഗിച്ചോ സമർപ്പിക്കാവുന്നതാണ്. ആഭ്യന്തര തീർത്ഥാടകർക്കായി നാല് തീർത്ഥാടന പാക്കേജുകൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
Read Also: വെണ്ടയ്ക്ക കീറിയിട്ട് വച്ച വെള്ളം കുടിച്ചാൽ ഷുഗറിനെ പിടിച്ചു കെട്ടുക മാത്രമല്ല, ഈ ഗുണവുമുണ്ട്
Post Your Comments