കാസര്‍കോട്: കുണ്ടംകുഴിയില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടിയിൽ. കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായിട്ടാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കുണ്ടംകുഴി കുമ്പാറത്തോട് എ ജെ ജിതിന്‍ (29), ബീംബുങ്കാല്‍ കെ വി മിഥുന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിതിന്‍ എസ്.എഫ്.ഐ ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയാണ്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുണ്ടംകുഴി നിടുംബയയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയും, ഇവരുടെ വാഹനം പോലീസ് പരിശോധിക്കുകയുമായിരുന്നു. ഇവർ ഓടിച്ചിരുന്ന കാറിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് ബസില്‍ സുള്ള്യയില്‍ എത്തിച്ച കഞ്ചാവ് അവിടെ നിന്നും കാറില്‍ കാസര്‍കോട് കുണ്ടംകുഴിയിലേക്ക് കൊണ്ട് വരികയായിരുന്നു.
എസ് ഐ എം ഗംഗാധരന്‍, സിപിഒ. പ്രസാദ്, സൂരജ്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേസമയം, സമാനമായ കേസിൽ പാലക്കാടും രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവ് ആണ് എക്സൈസ് പിടികൂടിയത്. പാലക്കാട് വാളയാറില്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്. മീൻ വണ്ടിക്കുള്ളിൽ 100 പാക്കറ്റുകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.
Post Your Comments