ന്യൂഡൽഹി: കെ സുരേന്ദ്രനെതിരായ മഞ്ചേശ്വരം കേസ് മുഖ്യമന്ത്രി പിണറായി വിജയന്റെ പകപോക്കൽ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. കെ സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനായി തുടരുമെന്ന വാർത്തയും സംസ്ഥാനത്തെ ബിജെപിയുടെ ശക്തമായ പ്രവർത്തനവുമാണ് പിണറായി വിജയനെ വിറളി പിടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ കള്ള കുറ്റപത്രം സമർപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലാവ്‌ലിൻ കേസിൽ കുറ്റാരോപിതനായ പിണറായി വിജയൻ സുരേന്ദ്രനെതിരെ കള്ളക്കേസെടുത്ത് രാഷ്ട്രീയ വിരോധം തീർക്കുകയാണ്.ബിജെപിയുടെ ബഹുജനപിന്തുണയിൽ വിറളിപൂണ്ടതുകൊണ്ടാണ് യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിൽക്കുന്നത്. കള്ളക്കേസിനെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രകാശ് ജാവഡേക്കർ കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ പിണറായി വിജയൻ വേട്ടയാടുകയാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കെ സുരേന്ദ്രനെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. മഞ്ചേശ്വരം കേസിൽ ക്രൈംബ്രാഞ്ച് കള്ള കുറ്റപത്രം സമർപ്പിച്ചത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരേന്ദ്രനെതിരെ തെളിവില്ലാത്തതു കൊണ്ടാണ് ഒന്നര വർഷമായിട്ടും ക്രൈംബ്രാഞ്ചിന് ഒന്നും ചെയ്യാൻ കഴിയാതിരുന്നത്. ശബരിമല പ്രക്ഷോഭകാലത്തിനേതിന് സമാനമായ രീതിയിൽ സുരേന്ദ്രനെ വേട്ടയാടാനാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നത്. മുന്നൂറോളം കള്ളക്കേസെടുത്തിട്ടും പതറാത്ത നേതാവാണ് സുരേന്ദ്രനെന്ന് പിണറായി വിജയൻ മനസിലാക്കണം. ഈ കള്ളക്കേസും ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു.
Post Your Comments