തിരുവനന്തപുരം: ദൈനംദിന രാഷ്ട്രീയത്തിന് ആഴത്തിലുള്ള ചരിത്രപരമായ അടിത്തറ നൽകി അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിയാണ് ഇ.എം.എസ് എന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. അതിനാൽ കേരള രാഷ്ട്രീയത്തിന് പുതിയ മാനം നൽകാൻ ഇ.എം.എസിന് കഴിഞ്ഞു. കേരള നിയമസഭ അന്താരാഷ്ട്ര പുസത്കോത്സവത്തോടനുബന്ധിച്ച് ഇ.എം.എസ് – രാഷ്ട്രീയവും എഴുത്തുജീവിതവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ഇ.എം.എസ് സർക്കാർ നടപ്പാക്കിയ പരിഷ്‌കരണ നടപടികളുടെ ഫലമായി നിരവധി തലമുറകൾ ക്ഷേമകരമായ ജീവിതം നയിച്ചുവെന്നും തോമസ് ഐസക് പറഞ്ഞു. കേരളം ഇന്ന് മുന്നോട്ടുവയ്ക്കുന്ന ബദൽ വികസനമാതൃകയുടെ തുടക്കം ഇ.എം.എസിൽ നിന്നാണെന്ന് തുടർന്ന് സംസാരിച്ച എം.എ ബേബി പറഞ്ഞു. തന്റെ ഭൗതിക സ്വത്തും ബൗദ്ധിക സ്വത്തും ജനങ്ങൾക്ക് വിട്ടുനൽകി ഋഷിതുല്യമായ ജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ബേബി അനുസ്മരിച്ചു.
നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന പരിപാടിയിൽ പ്രൊഫസർ ജി. ബാലചന്ദ്രൻ, ഡോ. രാജൻ ഗുരുക്കൾ, കെ.ആർ മല്ലിക എന്നിവരും പങ്കെടുത്തു.
Post Your Comments