ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് നീങ്ങുകയാണ്. യാത്ര അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. യാത്ര ഹരിയാനയിലൂടെ നീങ്ങുമ്പോൾ, മുൻ കോൺഗ്രസ് പാർട്ടി അധ്യക്ഷന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്ന ഫോട്ടോ ആയിരുന്നു അത്. ഫോട്ടോയിൽ ഭക്ഷണത്തിന് കൂടെ ചിക്കനും മദ്യവും ഉണ്ടായിരുന്നു. ഇതാണ് വൈറലാകാൻ കാരണം. എന്നാൽ, ഈ ഫോട്ടോ ഒറിജിനൽ അല്ല, വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
‘സന്യാസി, തപസ്സിൽ മുഴുകിയവൻ’ എന്നതുപോലുള്ള പരിഹാസത്തോടെ കോൺഗ്രസ് നേതാവിനെ പരിഹസിക്കുന്ന അടിക്കുറിപ്പുകളോടെ ഈ ചിത്രം പലരും പങ്കിട്ടു. യഥാർത്ഥ ഫോട്ടോയിൽ മദ്യമോ മാംസമോ ഇല്ല. ഒറിജിനൽ ഫോട്ടോയിൽ അദ്ദേഹം ചായ മാത്രമാണ് കുടിക്കുന്നത്. മദ്യവും ചിക്കനും വ്യാജമായി ചേർത്തുവെച്ചതാണ്.
അതേസമയം, ഇന്നലെ ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മക്ക് കാരണം ഇന്ത്യയിലെ കുറച്ച് സമ്പന്നരാണെന്നും ഇതിന് കാരണം കേന്ദ്ര സർക്കാരിന്‍റെ നടപടികളാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യിൽ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ യഥാർത്ഥ കാരണം. ഇതിന് പരിഹാരം കാണാൻ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
Post Your Comments