കൊച്ചി : ശബരിമല അയ്യപ്പനെ ഹീറോയാക്കി ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം സിനിമ വന്‍ വിജയമാണ് കൊയ്തത്. ഈ സിനിമ വിദേശത്തടക്കം വന്‍ ഹിറ്റായിരിക്കുകയാണ് . കേരള ബോക്‌സോഫീസ് ട്വിറ്ററില്‍ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തില്‍ നിന്നും 9 ദിവസത്തെ കളക്ഷന്‍ മാത്രം 8.1 കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷനാകട്ടെ 10 കോടി കവിഞ്ഞു. ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ കേരളത്തിലെ കളക്ഷന്‍ 2.62 കോടിയാണ്.
എന്നാല്‍,അയ്യപ്പനെ കേന്ദ്ര കഥാപാത്രമാക്കി സിനിമകള്‍ ഇറക്കുന്നതിനെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരത്തില്‍ തുടര്‍ച്ചയായി അയ്യപ്പനെ ഹീറോയാക്കി ചിത്രങ്ങള്‍ ഇറങ്ങുന്നതിന് കാലം മറുപടി നല്‍കുമെന്നും, ലോകം മുന്നോട്ട് തന്നെ പോകും എന്നാണ് ബിന്ദു അമ്മിണിയുടെ അഭിപ്രായം. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അയ്യപ്പനെ കേന്ദ്രീകരിച്ച് പുറത്തിറങ്ങിയ മാളികപ്പുറം സിനിമയുടെ വിജയത്തിനെതിരെ ബിന്ദു അമ്മിണി രംഗത്ത് വന്നത്.
അതേസമയം, സന്നിധാനം പി ഒ എന്ന പേരില്‍ ഒരു ബഹുഭാഷാ ചിത്രവും നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കുകയാണ്. സന്നിധാനം പി ഒ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് വൈദ്യയാണ്. യോഗി ബാബുവും പ്രമോദ് ഷെട്ടിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മകരസംക്രമ ദിനമായ ജനുവരി 14 ന് ശബരിമലയില്‍ വച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍.
അയ്യപ്പനാണ് തങ്ങളുടെ സൂപ്പര്‍ ഹീറോയെന്ന് പ്രഖ്യാപിച്ചാണ് ഉണ്ണി മുകുന്ദന്‍ ചിത്രം പുറത്തിറക്കിയത് . ഇത്തരത്തില്‍ ശബരിമല കേന്ദ്രമാക്കി ഇനിയും സിനിമകള്‍ വരാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ചൊടിപ്പിച്ചിരിക്കുന്നത്.
Post Your Comments