തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്ത് മുഴുവൻ പരിശോധനാ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രണ്ട് ദിവസത്തിനകം രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
കാസർഗോഡ് മരണപ്പെട്ട കുട്ടി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്, എന്നാണ് ഭക്ഷണം കഴിച്ചത്, ചികിത്സ തേടിയതിന്റെ വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കാനും മന്ത്രി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്നും ഭക്ഷണത്തിൽ മായം കലർത്തിയ ശേഷം സ്ഥാപനം പൂട്ടിയാൽ വീണ്ടും തുറക്കൽ എളുപ്പമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് കുഴിമന്തി കഴിച്ചതിനു പിന്നാലെ മരിച്ചത്.
കാസർഗോട്ടെ റമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. തുടർന്ന് കാസർഗോഡും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
Post Your Comments