കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. തമിഴ്‌നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം തയ്യാറായത്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തകേസിൽ ശാസ്ത്രിയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് നിർണായകമാവുക. കുറ്റം തെളിക്കാൻ ആവശ്യമുള്ള തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.
മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. മുഖ്യപ്രതി ഷാഫിയെ കൂടാതെ പാരമ്പര്യ ചികിത്സ നടത്തുന്ന ഭഗവൽ സിംഗ്, ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും, പ്രതികൾക്ക് വധശിക്ഷ നൽകേണ്ടതുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കുറ്റപത്രത്തിൽ 200 ഓളം പേജുകളുണ്ടെന്നാണ് സൂചന. കഴിഞ്ഞ സെപ്റ്റംബർ 26 നാണ് തമിഴ്‌നാട് സ്വദേശി പത്മം കൊല്ലപ്പെടുന്നത്. റോസ്ലിന്റെ കൊലപാതകക്കേസിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കും.
Post Your Comments