ഹരിപ്പാട്: ദേശീയപാതയിൽ റോഡിന് കുറുകെ വൈദ്യുത ലൈൻ പൊട്ടി വീണു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം.
ഇന്ന് പുലർച്ചെ 12.30-ന് കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ഹരിപ്പാട് ഈരിക്കൽ സ്വദേശികളായ കിറോഷ്, അഖിൽ എന്നീ യുവാക്കളുടെ സമയോചിതമായ ഇടപെടൽ ആണ് അപകടം ഒഴിവാക്കിയത്. ഇരുവരും കാഞ്ഞൂർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് തിരിച്ച് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് വൈദ്യുത ലൈൻ പൊട്ടിവീണു കിടക്കുന്നത് കണ്ടത്. പൊട്ടി വീണ വൈദ്യുത കമ്പി യാത്രക്കാരുടെ ദേഹത്ത് തട്ടി ജീവന് ഭീഷണിയുണ്ടാക്കും വിധം റോഡിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു.
Read Also : അപ്രതീക്ഷിത വിവാദങ്ങൾ തിരിച്ചടിയായി: ചിന്ത ജെറോമിന് ശമ്പള കുടിശിക ആയ 9 ലക്ഷം നൽകാൻ വൈകും
അപകടം മനസ്സിലാക്കിയ യുവാക്കൾ ഉടൻ തന്നെ കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. നൈറ്റ് പട്രോളിങ്ങിൽ ഉണ്ടായിരുന്ന കരീലകുളങ്ങര എസ് ഐ സുനുമോൻ പൊലീസ് ഉദ്യോഗസ്ഥരായ അനീസ്, ലതി എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി കെഎസ്ഇബിയിൽ വിവരമറിയിച്ചതിനെ തുടർന്ന്, ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈൻ മുറിച്ച് നീക്കം ചെയ്തു.
സംഭവത്തെ തുടർന്ന്, ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സം അനുഭവപ്പെട്ടു. പൊലീസും യുവാക്കളും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ച ശേഷമാണ് ഇരുവരും വീട്ടിലേക്ക് പോയത്. അപകടം ഒഴിവാക്കാൻ സഹായിച്ച പൊലീസിനെയും യുവാക്കളെയും നാട്ടുകാർ അഭിനന്ദിച്ചു.
Post Your Comments