കൊല്ലം: ആളൊഴിഞ്ഞ റയിൽവെ ക്വാർട്ടേഴ്സിലെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി നാസു പൊലീസിനോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്നെന്ന് നാസു പൊലീസിനോട് പറഞ്ഞു. പുറത്തുപോയി ബ്ലേഡുമായി തിരിച്ചെത്തിയാണ് യുവതിയുടെ മാറിനു താഴെയും തലയിലും മുറിവുണ്ടാക്കിയത്. മരണം ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടുത്ത ദിവസം പുലർച്ചെ അവിടെ നിന്നും പോയെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ തിരിച്ചെത്തി മൃതദേഹം പരിശോധിച്ചിരുന്നെന്നും ഇയാൾ വെളിപ്പെടുത്തി.
വെളുപ്പിനെ തിരികെ പോകുമ്പോൾ യുവതിയുടെ ഫോൺ താൻ കൊണ്ടുപോകുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. ഇതാണ് പിന്നീട് പൊലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ 29-ന് വൈകീട്ട് ബീച്ചിൽവെച്ചാണ് യുവതിയും നാസുവും പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം ഫാത്തിമ കോളേജിന് എതിർവശത്തെ ക്വാർട്ടേഴ്സിൽ നഗ്നമായനിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ആറുദിവസത്തോളം പഴക്കമുണ്ടായിരുന്നു. തലയിലും മാറിനു താഴെയുമായി രണ്ടു മുറിവുകളുമുണ്ട്. യുവതിയുടെ അടിവസ്ത്രവും ലെഗ്ഗിങ്സും ബാഗും മാത്രമായിരുന്നു സംഭവസ്ഥലത്തുനിന്നു ലഭിച്ചത്.
അതേസമയം, ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച്ചയെന്ന ആരോപണം ശക്തമാണ്. കാണാതായ യുവതിയുടെ ഫോണുമായി യുവാവിനെ പിടികൂടിയിട്ടും പോലീസ് വിട്ടയച്ചതാണ് വീഴ്ചയുടെ ആക്കം കൂട്ടുന്നത്. മകളെ കാണാനില്ലെന്നുകാട്ടി അമ്മ 30-ന് കുണ്ടറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 29-ന് രാത്രി 9.55-ന് കടപ്പാക്കടയിലാണ് അവസാനം ഇവരുടെ ഫോണിന്റെ ലൊക്കേഷൻ കാണിച്ചതെന്നു തിരിച്ചറിഞ്ഞു. ഇവരെ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ പോലീസിനോട് പറയുകയും ചെയ്തു. ഡിസംബർ 31-ന് കൊട്ടിയം പോലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായി അഞ്ചൽ സ്വദേശി നാസുവിനെ പിടികൂടി. ഡീസൻറ്മുക്കിനു സമീപം പോലീസിനെ കണ്ടപ്പോൾ ഒളിക്കാൻ ശ്രമിച്ചതാണ് ഇയാളെ പിടിക്കാനുള്ള കാരണം.
ഉമയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്: കൊല്ലപ്പെട്ടത് നാസുവിന്റെ ലൈംഗിക വൈകൃതങ്ങൾക്കിടെ
ഇയാളിൽനിന്ന് ഒരു മോബൈൽ ഫോൺ പോലീസ് കണ്ടെത്തി. ഫോണിൽ സിം കാർഡ് ഉണ്ടായിരുന്നില്ല. അവസാനം വിളിച്ച നമ്പർ കണ്ടെത്തി വിളിച്ചുനോക്കിയപ്പോൾ കാണാതായ യുവതിയുടേതാണ് ഫോണെന്നു ബോധ്യമായി. കാണാതായ സ്ത്രീയുടെ ഫോണുമായി ഒരാളെ സംശയകരമായ സാഹചര്യത്തിൽ പിടികൂടിയിട്ടും പോലീസ് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. പ്രതിയുടെ വാക്കുമാത്രം വിശ്വസിച്ചാണ് അയാളെ വിട്ടയച്ചത്. യുവതിയുടെ തിരോധാനം സംബന്ധിച്ച് കേസുള്ള കുണ്ടറ പോലീസിന് പ്രതിയെ കൈമാറിയിരുന്നെങ്കിൽ കൊലപാതകവിവരം നേരത്തേ അറിയാമായിരുന്നു.
Post Your Comments