റിയാദ്: അൽ നാസർ ഫുട്ബോൾ ക്ലബ്ബിനായുള്ള അരങ്ങേറ്റ മത്സരത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇനിയും കാത്തിരിക്കണം. വ്യാഴാഴ്ച നിശ്ചയിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളിക്കാന്‍ സാധിച്ചില്ല. കനത്ത മഴയെ തുടര്‍ന്ന് മത്സരം മാറ്റിവെച്ചു. മത്സരം മാറ്റിവച്ച വിവരം അല്‍ നാസര്‍ ക്ലബ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
‘കനത്ത മഴയും കാലാവസ്ഥയും സ്റ്റേഡിയത്തിലെ വൈദ്യുതിയെ ബാധിച്ചതിനാൽ, അൽ തായ്‌ക്കെതിരായ ഇന്നത്തെ മത്സരം 24 മണിക്കൂർ മാറ്റിവച്ചതായി ഞങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ആരാധകർക്ക് ഉണ്ടായ എന്തെങ്കിലും അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു’ ക്ലബ് ട്വിറ്ററിൽ കുറിച്ചു. അതേസമയം, റൊണാൾഡോ തന്റെ അൽ നാസർ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.
ക്രിസ്റ്റ്യാനോ ടീമില്‍ എത്തിയതോടെ സൗദി ക്ലബ് വിദേശ കളിക്കാർക്കുള്ള ക്വാട്ട കവിഞ്ഞതാണ് ഇത്തരം ഒരു കാര്യത്തിലേക്ക് എത്തിയത് എന്നാണ് വിവരം. ക്ലബ് വൃത്തങ്ങൾ വ്യാഴാഴ്ച എഎഫ്‌പിയോട് ഈ കാര്യങ്ങള്‍ വ്യക്തമാക്കി. അൽ തായ്‌ക്കെതിരായ വ്യാഴാഴ്ച നടക്കുന്ന ഹോം മത്സരത്തിൽ തന്നെ കളത്തിലിറങ്ങാന്‍ 37 കാരനായ പോര്‍ച്ചുഗീസ് താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
2025 ജൂൺ വരെയുള്ള കരാറില്‍ 200 മില്യൺ യൂറോയ്ക്കാണ് റൊണാൾഡോ അൽ നാസറിന്റെ ഒമ്പതാമത്തെ വിദേശ കളിക്കാരനായി സൗദിയിലെത്തിയത്. സൗദി ഫുട്ബോൾ അസോസിയേഷന്‍ ഒരു ടീമില്‍ അനുവദിച്ച വിദേശ കളിക്കാരുടെ എണ്ണം എട്ടാണ്.
ഒരു വിദേശ താരങ്ങളുടെ എണ്ണം കവിഞ്ഞതിനാൽ അൽ നാസർ ഇതുവരെ റൊണാൾഡോ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത ക്ലബ് ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. ഒരു വിദേശ കളിക്കാരൻ റൊണാൾഡോയ്ക്ക് പകരമായി പുറത്ത് പോകേണ്ടി വരും. അതിനായി വിദേശ താരങ്ങൾ കരാര്‍ പരസ്പര സമ്മതത്തോടെയോ, അല്ലെങ്കില്‍ ക്ലബ് റദ്ദാക്കുകയോ ചെയ്യണം.
Post Your Comments