പാവറട്ടി: കൈക്കൂലി വാങ്ങിയ പണവുമായി ബൈക്കിൽ പോകുകയായിരുന്ന വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. വെങ്കിടങ്ങ് വില്ലേജ് അസിസ്റ്റന്റ് തിരുവനന്തപുരം സ്വദേശി അജികുമാറിനെയാണ് ഡിവൈ.എസ്.പി ജീൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിജിലൻസ് സംഘം ജീപ്പിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Read Also : തിരുവനന്തപുരത്ത് യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അജികുമാർ ആർ.ഒ.ആർ രേഖക്കായി ഓഫീസിലെത്തിയ വെങ്കിടങ്ങ് സ്വദേശി സുനീഷിൽ നിന്ന് 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ 2000 നേരത്തെ വാങ്ങി. ബാക്കി ആയിരം രൂപ ആവശ്യപ്പെട്ടത് യുവാവ് വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന്, വിജിലൻസ് ഫിനോഫ്ത്തലിൻ പുരട്ടിയ നോട്ട് യുവാവിന് നൽകി. ബുധനാഴ്ച വൈകീട്ട് 4.30-ന് പുറത്തിറങ്ങിയ അജികുമാറിന് ഈ പണം നൽകി. ഇതുമായി പോകുന്നതിനിടെയാണ് പിന്തുടർന്ന് എത്തിയ വിജിലൻസ് സംഘം വെങ്കിടങ്ങ് സെന്ററിൽ വെച്ച് പിടികൂടിയത്.
ഇത് കൂടാതെ, അജികുമാറിന്റെ പക്കൽ നിന്ന് അയ്യായിരത്തിൽ അധികം രൂപ കണ്ടെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ മുതൽ അജികുമാർ വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments