KeralaLatest NewsNews

സ്കൂൾ മുറ്റത്തെ തണൽമരങ്ങൾ മുറിച്ച മാനേജ്മെൻ്റിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും

കോഴിക്കോട്: സ്കൂൾ മുറ്റത്തെ തണൽമരങ്ങൾ മുറിച്ച മാനേജ്മെൻ്റിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും രംഗത്ത്. കോഴിക്കോട് പാലോറ ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ അഞ്ച് തണൽ മരങ്ങളാണ് ക്രിസ്മസ് അവധിക്കിടെ മുറിച്ചു മാറ്റിയത്.

പതിറ്റാണ്ടുകളായി സ്കൂളിന് മുന്നിൽ തണൽവിരിച്ചു നിന്ന, തണൽ മരങ്ങളാണ് വേരുകൾ സ്കൂൾ കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുമെന്ന പേരു പറഞ്ഞ് മുറിച്ച് നീക്കിയത്.

മരങ്ങൾ മുറിച്ചു നീക്കാൻ മാനേജ്മെൻ്റിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി. എന്നാൽ, പ്രിൻസിപ്പലിന്റെയും മാനേ‍ജ്മെന്റ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെയും കടുത്ത എതിർപ്പ് തടസമായി നിന്നിരുന്നു. എന്നാല്‍, ക്രിസ്മസ് അവധിക്കാലത്ത് തീരുമാനം നടപ്പാക്കുകയാണ് ചെയ്തത്. ഇക്കഴിഞ്ഞ 31ന് അർദ്ധരാത്രി മാവ് അടക്കമുളള അഞ്ച് മരങ്ങളും മുറിച്ച് നീക്കി.

മരങ്ങൾ മുറിക്കാന്‍ ഉത്തരവാദികളായവർ പരസ്യമായി മാപ്പ് പറയാതെ മുറിച്ചിട്ട മരങ്ങൾ സ്കൂൾ മുറ്റത്ത് നിന്ന് നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികളും നാട്ടുകാരും.

19 അംഗങ്ങളുളള മാനേജ്മെൻ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ പ്രവർത്തനം. ജനറൽ ബോഡി ചേരുകയോ ചർച്ച നടത്തുകയോ ചെയ്യാതെ ഏകപക്ഷിയമായാണ് ഈ തീരുമാനം നടപ്പാക്കിയതെന്ന് കമ്മിറ്റിയിലെ ഒരു വിഭാഗം അംഗങ്ങളും പറയുന്നു. എന്നാൽ സ്കൂൾ മാനേജർ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

അതേസമയം, വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചു. എന്തൊരു പച്ചപ്പും കുളിർമയും ശുദ്ധവായുവുമായിരുന്നു ഈ മരങ്ങൾ ഇവിടുത്തെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സന്ദർശകർക്കും നൽകിയിരുന്നതെന്ന് ഇതിന്റെ കടയ്ക്കൽ കത്തിവെച്ച മനുഷ്യരോർക്കുന്നുണ്ടോ എന്ന് അദ്ദേഹം ഫേസ് ബുക്കിലൂടെ വിമര്‍ശിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ ഒരു പൂർവ്വവിദ്യാർത്ഥി എന്ന നിലയിൽ ഈ കൊടും ക്രൂരത കണ്ടിട്ട് മിണ്ടാതിരിക്കാനാവാത്തതുകൊണ്ടുമാത്രമാണ് ഇങ്ങനെ ഒരു കുറിപ്പ്. ഇത്രയും വലിയ പാതകം ചെയ്യാൻ എങ്ങനെയാണ് പരിഷ്കൃതമനുഷ്യർക്ക് സാധിക്കുന്നത്. എത്ര കുട്ടികളും അദ്ധ്യാപകരും താലോലിച്ച് വളർത്തിയതായിരുന്നു ഈ തണൽ മരങ്ങൾ. എന്തൊരു പച്ചപ്പും കുളിർമയും ശുദ്ധവായുവുമായിരുന്നു ഈ മരങ്ങൾ ഇവിടുത്തെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സന്ദർശകർക്കും നൽകിയിരുന്നതെന്ന് ഇതിന്റെ കടയ്ക്കൽ കത്തിവെച്ച മനുഷ്യരോർക്കുന്നുണ്ടോ? ഇനിയെത്രകാലമെടുക്കും ഇങ്ങനെയൊരു പച്ചപ്പ് ഇവിടെ ഉയർന്നുവരാനെന്ന് ഒരു നിമിഷമെങ്കിലും ഇവർക്ക് ചിന്തിക്കാമായിരുന്നില്ലേ. ഇതുകൊണ്ടെന്തുലാഭം ഇക്കൂട്ടർക്ക് കിട്ടിക്കാണും? അങ്ങേയറ്റം വേദനാജനകം എന്നുമാത്രം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button