കൊല്ലം: ചെമ്മാംമുക്കിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൊല്ലം കൊറ്റങ്കര മാമൂട് പുളിമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഉമ പ്രസന്നൻ ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റുചെയ്തു. അഞ്ചൽ സ്വദേശി നാസുവിനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ യുവതിയെ മരണത്തിലേക്ക് നയിച്ചെന്ന കുറ്റം ചുമത്തിയാണ് നാസുവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, ഇതൊരു കൊലപാതകമാണോ എന്ന സംശയമാണ് പോലീസിനുള്ളത്. നാസുവിന്റെ മൊഴി മുഴുവൻ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് റിപ്പോർട്ട്.
യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. അതിനുശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം ആലോചിക്കുമെന്നും പൊലീസ് പറഞ്ഞു. ഡിസംബർ 29ന് കൊല്ലം ബീച്ചിൽ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് നാസു പൊലീസിനു നൽകിയിരിക്കുന്ന മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഇതിനുശേഷം യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോകുകയും അവിടെവച്ച് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും മൊഴിയിൽ പറയുന്നു. ലെെംഗിക ബന്ധത്തിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതോടെ ഭയന്ന് പോയ താൻ യുവതിയെ അവിടെ തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
യുവതിയുടെ മൃതദേഹത്തിൽ അങ്ങിങ്ങായി പാടുകൾ ഉണ്ട്. ഈ മുറിവുകൾ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന്, ലെെംഗികബന്ധത്തിനിടെ യുവതിയുടെ ശരീരത്തിൽ ബ്ലേഡുപയോഗിച്ച് മുറിവുണ്ടാക്കിയത് താൻ തന്നെയാണെന്നായിരുന്നു ഇയാൾ മൊഴി നൽകിയത്. പൂർണ നഗ്നമായ മൃതദേഹത്തിന്റെ തലയുടെ ഇടത് ഭാഗത്തും വലത് മാറിന് താഴെയുമായി പത്ത് സെന്റിമീറ്റർ നീളത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. മുറിവിൽ നിന്നും രക്തം വാർന്ന് തറയിൽ ഉണങ്ങിപ്പിടിച്ചിട്ടുള്ള നിലയിലായിരുന്നു.
കഴിഞ്ഞമാസം 29 മുതലാണ് ഉമയെ കാണാതായതെന്നാണ് വിവരം. ലോട്ടറിക്കച്ചവടക്കാരിയായിരുന്ന ഉമ, രണ്ട് മാസം മുമ്പാണ് ഒരു സ്വകാര്യ സ്ഥാപനത്തിലെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലിക്ക് ചേർന്നതെന്നാണ് വിവരം. 29ന് രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് ജോലിക്ക് പോയിരുന്നു. എന്നാൽ രാത്രിയായിട്ടും കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. തിരിച്ചെത്താതെ ആയതോടെ മാതാവും സഹോദരങ്ങളും 31ന് കുണ്ടറ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Post Your Comments