Latest NewsKeralaNews

സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരും: പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ബിജെപി ഭരണഘടനാ സംരക്ഷണദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സ്വന്തം സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾ സൂക്ഷിക്കുക: ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ

സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഭരണഘടനാ ശിൽപ്പി ബാബാ സാഹിബ് അംബേദിക്കറിനെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചത് രാജ്യം മുഴുവൻ കണ്ടതാണ്. എന്നാൽ പിണറായി പൊലീസ് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകുകയാണ്. പൊലീസിന് എങ്ങനെയാണ് സജി ചെറിയാൻ കുറ്റം ചെയ്തില്ലെന്ന് പറയാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

ഭരണഘടന സംരക്ഷിക്കാനുള്ള ബിജെപിയുടെ യുദ്ധം തുടരുക തന്നെ ചെയ്യും. ലോട്ടറി, മദ്യം, മയക്കുമരുന്ന്, ക്രൈം, കള്ളക്കടത്ത് എന്നീ അഞ്ചിന അജണ്ടയാണ് കേരള സർക്കാരിനുള്ളത്. എല്ലാ മാഫിയകളെയും സംരക്ഷിക്കുന്ന സർക്കാർ നാടിനെ നശിപ്പിക്കുകയാണ്. തീവ്രവാദശക്തികളെയും വിധ്വംസന ശക്തികളെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. ജനങ്ങൾ അവർക്ക് മാപ്പ് കൊടുക്കില്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

നിരവധി ജനക്ഷേമ പദ്ധതികളും ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ടുമാണ് മോദി സർക്കാർ കേരളത്തിന് അനുവദിച്ചത്. കേന്ദ്രസർക്കാർ എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്തു. 28 മാസമായി 148 കിലോ അരിയാണ് കേരളത്തിലെ ബിപിഎൽ കാർഡ് ഉടമകൾക്ക് നൽകുന്നത്. സംസ്ഥാനത്ത് 1.52 കോടി ജനങ്ങൾക്കാണ് മോദിയുടെ സൗജന്യ അരി ലഭിക്കുന്നത്. കർഷകർക്ക് വർഷം 6,000 രൂപ നൽകുന്നു. മുദ്ര വായ്പ്പയിലൂടെ ജനങ്ങളെ സംരഭകരാക്കി മാറ്റാൻ മോദി സർക്കാരിന് സാധിച്ചു. കർഷകർക്ക് രാസവളത്തിനുള്ള സബ്‌സിഡിയും അമ്മമാർക്ക് സൗജന്യ ഗ്യാസ് കണക്ഷനും മോദി നൽകുന്നു. 53 ലക്ഷം മലയാളികളാണ് ജൻധൻ അക്കൗണ്ട് ആരംഭിച്ചത്. എന്നാൽ, സംസ്ഥാന സർക്കാർ അഴിമതി മാത്രമാണ് നടത്തുന്നത്. പ്രതിപക്ഷവും ഒട്ടും മോശമല്ല. അഴിമതിയുടെ കാര്യത്തിൽ രണ്ട് കൂട്ടരും മത്സരിക്കുകയാണ്. നരേന്ദ്രമോദി സർക്കാരിന്റെ പേരിൽ കഴിഞ്ഞ 8 വർഷത്തിനിടെ ഒരു അഴിമതി ആരോപണവും ഉയർന്നിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പരിപാടിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ്, ദേശീയ നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, മുതിർന്ന നേതാക്കളായ ഒ രാജഗോപാൽ, കെ രാമൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി ശിവൻകുട്ടി, വി ടി രമ, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ് സുരേഷ് എന്നിവർ സംസാരിച്ചു.

Read Also: അവിവാഹിതര്‍ രണ്ടുമാസത്തിനുള്ളില്‍ ഒഴിയണം, എതിര്‍ലിംഗക്കാരെ പ്രവേശിപ്പിക്കരുത്: വിവാദ നിര്‍ദേശങ്ങളുമായി നോട്ടീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button