കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് വന്‍തോതില്‍ പഴകിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കണ്ണൂരില്‍ 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
പഴകിയതും പുഴുവരിച്ചതുമടക്കം ഉപയോഗ യോഗ്യല്ലാത്ത ഭക്ഷ്യസാധനങ്ങള്‍ ആണ് ഹോട്ടലുകളില്‍ നിന്ന് പിടികൂടിയത്. 19 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നാളുകളോളം പഴക്കമുള്ള ഭക്ഷ്യ ഉല്പന്നങ്ങളാണ് വിവിധ ഹോട്ടലുകളിലെ ഫ്രീസറുകളില്‍ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്തതില്‍ എറെയും ചിക്കന്‍ ഉത്പന്നങ്ങളാണ്.
20 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കും. വീഴ്ച ആവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെപി രാജേഷ് പറഞ്ഞു.
പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ ഹോട്ടലുകളുടെ പേരുകള്‍ സഹിതം കണ്ണൂര്‍ കോര്‍പ്പറേഷന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. എറണാകുളത്ത് വിവിധ സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. തൃപ്പൂണിത്തുറ അങ്കമാലി മൂവാറ്റുപുഴ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.
Post Your Comments