ഡിസംബറിൽ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗത്തിൽ വർദ്ധനവ്. കണക്കുകൾ പ്രകാരം, ഡിസംബറിൽ വൈദ്യുതി ഉപഭോഗം 11 ശതമാനം വർദ്ധിച്ച് 121.19 ബില്യൺ യൂണിറ്റായി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, വൈദ്യുതി ഉപഭോഗം താരതമ്യേന കുറവായിരുന്നു. 2021 ഡിസംബറിൽ 109.71 യൂണിറ്റും, 2020 ഡിസംബറിൽ 105.62 യൂണിറ്റുമായിരുന്നു ആകെ വൈദ്യുതി ഉപഭോഗം.
ഡിസംബർ മാസത്തിൽ രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ ചൂടാക്കൽ ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. അതിനാൽ, ജനുവരിയിലെ വൈദ്യുതി ഉപഭോഗവും ആവശ്യകതയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2022 ഡിസംബറിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗ നിരക്ക് 205.03 ജിഗാവാട്ടായാണ് ഉയർന്നത്. അതേസമയം, 2021 ഡിസംബറിൽ 183.24 ജിഗാവാട്ടും, 2020 ഡിസംബറിൽ 182.78 ജിഗാവാട്ടുമായിരുന്നു പരമാവധി വൈദ്യുതി വിതരണം. സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നതിനാൽ, വരും മാസങ്ങളിൽ വൈദ്യുതി ഉപഭോഗം വർദ്ധിക്കാൻ സാധ്യതയുണ്ട്.
Post Your Comments