രാജ്യത്തെ 11 നഗരങ്ങളിൽ കൂടി 5ജി സേവനങ്ങൾ വാഗ്ദാനം ചെയ്ത് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, ലഖ്നൗ, മൈസൂരു, ഔറംഗബാദ്, നാസിക്, ചണ്ഡീഗഡ്, മൊഹാലി, പഞ്ച്കുല, സിരാക്പൂർ, ഖരാർ, ദേരബസി, തിരുവനന്തപുരം എന്നീ നഗരങ്ങളിലാണ് 5ജി സേവനങ്ങൾ ഉറപ്പുവരുത്തുന്നത്. കൂടാതെ, മൊഹാലി, പഞ്ച്കുല, ഔറംഗബാദ്, ചണ്ഡീഗഡ് ട്രൈസിറ്റി, തിരുവനന്തപുരം എന്നിവിടങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്ന ആദ്യ ഓപ്പറേറ്റർ കൂടിയാണ് റിലയൻസ് ജിയോ.
പുതിയ പ്രഖ്യാപനത്തോടനുബന്ധിച്ച്, തിരഞ്ഞെടുത്ത 11 നഗരങ്ങളിലും അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നതിനായി ഉപഭോക്താക്കളെ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിക്കുന്നതാണ്. അധിക ചിലവുകളില്ലാതെ തന്നെ ഉയർന്ന സ്പീഡിൽ 5ജി ആസ്വദിക്കാനുള്ള അവസരമാണ് ജിയോ ഒരുക്കിയിരിക്കുന്നത്. 2023 മുതൽ കൂടുതൽ നഗരങ്ങളിലേക്ക് 5ജി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ജിയോ നടത്തുന്നുണ്ട്.
Also Read: ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറുടെ മരണം; കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്
5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഇ- ഗവേണൻസ്, വിദ്യാഭ്യാസം, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിംഗ്, ഹെൽത്ത് കെയർ, കൃഷി, ഐടി തുടങ്ങിയ മേഖലകളിലെ വളർച്ചയാണ് ജിയോ ലക്ഷ്യമിടുന്നത്. നിലവിൽ, 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ള നഗരങ്ങളെല്ലാം പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളും, പ്രധാന ടൂറിസം കേന്ദ്രങ്ങളുമാണ്.
Post Your Comments