കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ പിടിയിലായവരിൽ ആദ്യ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെ ഇന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
നിരോധിത സംഘടനയെ പുനരുജ്ജീവിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി എൻഐഎ തിരിച്ചറിഞ്ഞിരുന്നു. മുബാറക്കിന്‍റെ വീട്ടിൽ നിന്ന് ചില ആയുധങ്ങൾ കണ്ടെടുത്തതായും സൂചനകളുണ്ട്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളള കൂടുതൽ പേരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. പിഎഫ്‌ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് റെയ്ഡ്. ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും റെയ്ഡിനായി എത്തിയിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ തോന്നയ്ക്കല്‍, നെടുമങ്ങാട്. പള്ളിക്കല്‍ എന്നിവിടങ്ങളിലാണ് പരിശോധന. പത്തനംതിട്ടയില്‍ പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം നിസാറിന്റെ വീട്ടിലും പരിശോധന നടക്കുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പിഎഫ്‌ഐ നേതാവ് സുനീര്‍ മൗലവിയുടെ വീട്ടിലും പരിശോധന നടത്തുന്നു. ആലപ്പുഴയില്‍ നാലിടത്താണ് റെയ്ഡ്. ജില്ലയില്‍ ചിന്തൂര്‍, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലാണ് പരിശോധന. കൊല്ലം ചക്കുവള്ളി, കോഴിക്കോട് മാവൂര്‍, നാദാപുരം, എറണാകുളത്ത് മൂവാറ്റുപുഴ, മട്ടാഞ്ചേരി, കോട്ടയത്ത് ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റെയ്ഡ് നടത്തുന്നു.
Post Your Comments