Latest NewsIndia

അന്ത്യ നിമിഷങ്ങളിലും അമ്മയുടെ ഒപ്പം നരേന്ദ്രമോദി: ആചാരപൂര്‍വം സംസ്‌കാര ചടങ്ങുകള്‍

ഗാന്ധിനഗര്‍: പ്രധാനമന്ത്രിയുടെ അന്തരിച്ച മാതാവ് ഹീരാബെന്നിന്റെ ഭൗതിക ദേഹം വിധിപോലെ സംസ്‌കരിച്ച്‌ പ്രധാനമന്ത്രിയും സഹോദരങ്ങളും അടുത്ത ബന്ധുക്കളും. അമ്മയെ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിച്ചിരുന്ന നരേന്ദ്രമോദിക്ക് അവസാന നിമിഷങ്ങളിലും അമ്മയ്‌ക്കൊപ്പം അടുത്തിരിക്കാനുള്ള സൗഭാഗ്യമുണ്ടായി. ഒരു പുത്രനെന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നരേന്ദ്രമോദി സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചത്.

ആശുപത്രിയില്‍ നിന്നും റയ്‌സാന്‍ വസതിയിലേയ്‌ക്കാണ് ഭൗതിക ദേഹം എത്തിച്ചത്. നരേന്ദ്രമോദിയും സഹോദങ്ങളും ബന്ധുമിത്രാദികളും ചേര്‍ന്നാണ് സംസ്‌കാര പൂര്‍വ ചടങ്ങുകള്‍ നടത്തിയത്. അമ്മയുടെ ഭൗതിക ദേഹം തോളിലേറ്റിയാണ് നരേന്ദ്രമോദി ബന്ധുക്കള്‍ക്കൊപ്പം ശ്മശാനഭൂമിയിലേക്ക് നടന്നത്. സഹോദരന്‍ സോമഭായ് മോദിയും നരേന്ദ്രമോദിക്കൊപ്പം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ ജൂണില്‍ നൂറു വയസ്സു തികഞ്ഞ അമ്മ ഹീരാബെന്നിന്റെ കാലുകള്‍ കഴുകി പൂജകള്‍ ചെയ്താണ് നരേന്ദ്രമോദി നേരിട്ട് ജന്മശതാബ്ദി ആഘോഷമാക്കിയത്. ഒരിക്കലും സ്വന്തം വീട് വിട്ട് മാറി നില്‍ക്കാന്‍ കൂട്ടാക്കാതിരുന്ന അമ്മയെ നരേന്ദ്രമോദി ഏറെ സ്‌നേഹത്തോടെ നിര്‍ബന്ധിച്ചാണ് ഒരിക്കല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിച്ച്‌ രണ്ടു ദിവസം കൂടെ നിര്‍ത്തിയത്.
അമ്മ തന്റെ ഔദ്യോഗികമായ കൃത്യനിര്‍വഹണത്തിന് ഏറ്റവും ശക്തമായ പ്രേരണയാണെന്ന് നരേന്ദ്രമോദി ഓര്‍മ്മിച്ചു.

നൂറാമത്തെ ജന്മദിനം ആഘോഷിക്കുന്ന സമയത്ത് എന്നും തന്റെ ജോലിയോട് കാണിക്കേണ്ട സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തെ അമ്മ ഓര്‍മ്മിപ്പിച്ചിരുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. ജീവിതം സംശുദ്ധമായിരിക്കണമെന്നും യുക്തിയും ബുദ്ധിയും കൃത്യമായി സംയോജിപ്പിച്ച്‌ ജീവിക്കണമെന്ന അമ്മയുടെ വാക്കുകള്‍ ജീവിത വ്രതമായി തുടരുമെന്നും നരേന്ദ്രമോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button