KeralaLatest NewsNews

‘കുറി തൊടുന്നതിൽ കുഴപ്പമില്ല, കുറി തൊടുന്നവർ വിശ്വാസികളാണ്’: വിശ്വാസികളിൽ ഭൂരിപക്ഷവും വർഗീയവാദികളല്ലെന്ന് എം.ബി രാജേഷ്

കൊച്ചി: ചന്ദനക്കുറി തൊട്ടവരെല്ലാം മൃദു ഹിന്ദുത്വവാദികളാണോ എന്ന എ.കെ ആന്റണിയുടെ ചോദ്യത്തിന് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. ചന്ദനക്കുറി തൊടുന്നവർ എല്ലാം വർഗീയവാദികൾ അല്ലെന്നും, അവരിൽ മഹാഭൂരിപക്ഷം ആളുകളും വിശ്വാസികളാണെന്നും രാജേഷ് പറയുന്നു. കുറിയോ കാഷായമോ ദൈവ ആരാധനയോ തുടങ്ങിയ എന്ത് കാര്യങ്ങളും രാഷ്ട്രീയ ലക്ഷ്യത്തിനായി ദുരുപയോഗം ചെയ്യുമ്പോൾ അത് നിഷ്കളങ്കമായ വിശ്വാസമില്ലെന്ന് രാജേഷ് പറയുന്നു.

എം.ബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ചന്ദനക്കുറി തൊട്ടവരെല്ലാം മൃദു ഹിന്ദുത്വവാദികളാണോ എന്നാണ് ശ്രീ. എ കെ ആന്റണി ചോദിക്കുന്നത്. തീർച്ചയായും അല്ല. പക്ഷേ ആൻറണിയുടെ വാക്കുകളിൽ സമർത്ഥമായി മൃദു ഹിന്ദുത്വം ഒളിച്ചു കടത്തുന്നുണ്ട്. അതിലേക്ക് വരുംമുമ്പ് ചന്ദനക്കുറിയേയും മൃദു ഹിന്ദുത്വത്തെയും കുറിച്ച് ഒരു വേർതിരിവ് വരുത്തട്ടെ. കുറി തൊടുന്നവർ വിശ്വാസികളാണ്. വിശ്വാസികളിൽ മഹാഭൂരിപക്ഷവും വർഗീയവാദികളേയല്ല. പക്ഷേ കുറിയോ കാഷായമോ ദൈവ ആരാധനയോ എന്തുമാവട്ടെ, രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗിക്കുമ്പോൾ അത് നിഷ്കളങ്കമായ വിശ്വാസമല്ല. ആ ദുരുപയോഗം വർഗീയതയാണ്. കുറി തൊട്ടാൽ കുഴപ്പമൊന്നുമില്ല. എന്നാൽ പതിവില്ലാത്ത വിധം ജോഡോ യാത്രയ്ക്ക് ഇറങ്ങുമ്പോൾ രാഹുൽഗാന്ധി കുറി വരയ്ക്കുന്നതും കാഷായം ഉടുക്കുന്നതും മൃദു ഹിന്ദുത്വമാണ്. കാരണം, ജോഡോ യാത്ര രാഷ്ട്രീയപ്രചാരണമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോൾ രാഹുൽഗാന്ധിയും കൂട്ടരും മാധ്യമപ്പടയെ കൂട്ടി ക്ഷേത്രദർശന പരമ്പര നടത്തുമ്പോൾ അത് വോട്ടിനുള്ള പ്രചാരണം മാത്രമാണ്. വിശ്വാസത്തെ വോട്ടാക്കി മാറ്റുന്നത് വർഗീയതയാണ്. മൃദുവായാലും വർഗീയത തന്നെയാണ്.

കുറച്ചുകൂടി വ്യക്തമാക്കാം. ഭരണഘടനയെയും നിയമവാഴ്ചയേയും വെല്ലുവിളിച്ച് സംഘപരിവാർ ബാബറി മസ്ജിദ് തകർത്തതും അവിടെ ക്ഷേത്രം നിർമ്മിക്കുന്നതും തീവ്ര ഹിന്ദുത്വ വർഗീയത. അയോധ്യ ആരാധനയ്ക്കായി രാജീവ് ഗാന്ധി തുറന്നു കൊടുത്തതും 1989 ലെ തെരഞ്ഞെടുപ്പ് പ്രചാരണം അയോധ്യയിൽ നിന്ന് ആരംഭിച്ചതും പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയാൻ കമൽനാഥ് വെള്ളി ഇഷ്ടിക സമ്മാനിച്ചതും ക്ഷേത്രനിർമാണത്തെ പ്രിയങ്ക ഗാന്ധി പിന്തുണച്ചതും മൃദു ഹിന്ദുത്വം.

ഇനി ആന്റണിയുടെ വാക്കുകളിൽ ഒളിച്ചുവെച്ച മൃദു ഹിന്ദുത്വം നോക്കാം. അത് കുറിയിലല്ല, അതിനപ്പുറമുള്ള വാചകത്തിലാണ്. “മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹിന്ദു സഹോദരങ്ങൾ അമ്പലത്തിൽ പോയാൽ മൃദു ഹിന്ദുത്വമാകുമോ?”. ആൻറണി നിഷ്കളങ്ക മട്ടിൽ ചോദിക്കുന്നു. അമ്പലത്തിൽ പോകുന്നവരാണ് മഹാഭൂരിപക്ഷവും. അത് മൃദുവോ തീവ്രമോ ആയ ഹിന്ദുത്വമാണെന്ന് ഇന്നുവരെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ആന്റണിയുടെ താരതമ്യം നോക്കൂ. ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം ഭൂരിപക്ഷത്തിനുമില്ലേ എന്ന്. ഇത് സംഘപരിവാർ ഇന്ത്യയിൽ മുഴുവൻ ദുഷ്ടലാക്കോടെ ഉയർത്തുന്ന ചോദ്യം തന്നെയല്ലേ ? ആ ചോദ്യമല്ലേ ആൻറണിയിലൂടെ പ്രതിധ്വനിക്കുന്നത് ?

ന്യൂനപക്ഷങ്ങൾക്കുള്ള വിശ്വാസം ഭൂരിപക്ഷത്തിനുമില്ലേ എന്ന് ആൻറണി ചോദിക്കുന്നത് ഏത് ഇന്ത്യയിലാണെന്ന് ഓർക്കണം. മുസ്ലിം ന്യൂനപക്ഷത്തിനെതിരെ ‘സഫായി അഭിയാൻ’ ( Cleanliness Drive) നടത്താൻ വിദ്വേഷ പ്രചാരകർ ആഹ്വാനം ചെയ്യുന്ന ഇന്ത്യയിൽ. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ മൂന്ന് വർഷത്തിനിടയിൽ 400 ശതമാനത്തിലേറെ വർദ്ധിച്ചതായി വാർത്ത വരുന്ന ദിവസങ്ങളിൽ. ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും തുല്യനീതിയില്ലെന്ന സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ പ്രചാരണത്തിനാണ് ആദരണീയനായ ആന്റണി മൃദുഹിന്ദുത്വത്തിന്റെ അടിയൊപ്പിടുന്നതെന്ന് യുഡിഎഫിലെ മതനിരപേക്ഷ വാദികൾ തിരിച്ചറിയട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button