കോട്ടയം: ബ്രിട്ടനിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇതിനായുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കുമെന്നും വി മുരളീധരൻ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. കോട്ടയത്ത് അഞ്ജുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷമാണ് വി മുരളീധരൻ ഇക്കാര്യം അറിയിച്ചത്.
ബ്രിട്ടനിലെ പോലീസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹങ്ങൾ ഇന്ത്യൻ അധികൃതർക്ക് കൈമാറുമെന്നും തുടർന്ന് വേഗത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും എന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ് 15നാണ് ബ്രിട്ടനിൽ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന അഞ്ജുവിനെയും രണ്ടു മക്കളെയും ഭർത്താവ് സാജു കൊലപ്പെടുത്തിയത്. വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരാണ് കൊല്ലപ്പെട്ടത്.
ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന്, സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് അഞ്ജു രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്നത് കണ്ടത്.
മൂന്ന് മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ 30 ലക്ഷത്തോളം രൂപയുടെ ചെലവുണ്ട്. ഇതിനായി അഞ്ജുവിന്റെ കുടുംബം സുമനസുകളുടെ സഹായം തേടിയിരുന്നു.
Post Your Comments