Latest NewsKeralaIndia

ഇ.പി ജയരാജന്‍ വിവാദത്തില്‍ ചോദ്യം ചോദിച്ചവരോട് തണുപ്പെങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം

ന്യൂഡല്‍ഹി: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ പി.ജയരാജന്‍റെ ആരോപണത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമങ്ങളെ നേരിട്ട് കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യുമോ എന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണുന്നുണ്ടോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല.

സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി, ബുധനാഴ്ച വരെ ഡൽഹിയിലുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി ചുമതലയേറ്റശേഷമുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കാണ് മുഖ്യമന്ത്രി സമയം തേടിയത്.

കണ്ണൂരിലെ റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ സാമ്പത്തിക തിരിമറിയും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായാണ് ജയരാജനെതിരെ ആരോപണം ഉയര്‍ന്നത്. ആന്തൂര്‍ നഗരസഭയിലെ നാലാം വാര്‍ഡായ ഉടുപ്പക്കുന്നിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം.

ഇ.പി ജയരാജന്റെ മകന്‍ ജെയ്‌സന്റെ പേരില്‍ അനധികൃതമായി കുന്നിടിച്ച്‌ ആയുര്‍വേദ റിസോര്‍ട്ട് നിര്‍മിക്കുന്ന വാര്‍ത്ത 2018ല്‍ തന്നെ ചാനലുകൾ പുറത്തുവിട്ടിരുന്നു. പി. ജയരാജന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു ഇത്.

ഈ റിസോര്‍ട്ടിന്റെ മറവില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുകയും അനധികൃതമായ സ്വത്തുക്കള്‍ സമ്പാദിക്കുകയും ചെയ്തെന്നാണ് ആരോപിക്കപ്പെടുന്നത്. തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അന്വേഷണം വേണമെന്നും കമ്മിറ്റിയില്‍ പി. ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രേഖാമൂലം എഴുതിത്തന്നാല്‍ ആരോപണത്തില്‍ അന്വേഷണം നടത്താമെന്നാണ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്. എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമള ആന്തൂർ നഗരസഭാ സെക്രട്ടറിയായി ഇരുന്ന കാലഘട്ടത്തിലാണ് കുന്നിടിച്ചു റിസോർട്ട് കെട്ടാൻ അനുമതി നൽകിയത്. ജെയ്‌സന്‍ ചെയര്‍മാനായ സ്വകാര്യ കമ്പനിയാണ് റിസോര്‍ട്ട് നിര്‍മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button