തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയവർ പ്രവർത്തിച്ചത് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ചാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ജോലിതട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുന്നതോടെ രാഷ്ട്രീയ നേതാക്കളുൾപ്പെടെ കൂടുതൽ പേരുടെ പങ്കാണ് പുറത്തു വരുന്നത്.
റിസപ്ഷനിസ്റ്റ് മനോജും കോഫിഹൗസ് ജീവനക്കാരൻ അനിൽകുമാറുമാണ് എംഎൽഎ ഹോസ്റ്റൽ താവളമാക്കിയത്. അനിൽ കുമാർ വഴിയാണ് പലരും പണം കൈമാറിയത്. സിഐടിയു നേതാവ് കൂടിയാണ് ഇയാൾ. അതേസമയം, മനോജിനെതിരേ ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.
ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കഴിഞ്ഞ ദിവസം നിർണായക വിവരങ്ങൾ പുറത്തു വന്നിരുന്നു. കേസിൽ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായർ അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ പേർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വേളിയിലെ ടൈറ്റാനിയം പ്ലാന്റിൽ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് ദിവ്യ നായരും സംഘവും പലരിൽ നിന്നും കോടികൾ തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭർത്താവ് രാജേഷ്, ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി, ഇയാളുടെ സുഹൃത്തുക്കളായ പ്രേംകുമാർ, ശ്യാംലാൽ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Post Your Comments