Latest NewsNewsInternational

അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്‍ നേതാക്കളുടെ പെണ്‍മക്കള്‍ പഠിക്കുന്നത് വിദേശത്ത്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട് അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്‍ നേതാക്കളുടെ പെണ്‍മക്കള്‍ പഠിക്കുന്നത് വിദേശത്ത്. താലിബാന്‍ ഭരണകൂടം ആറാം ക്ലാസിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് തുടരുമ്പോഴും രണ്ട് ഡസനിലധികം ഉന്നത താലിബാന്‍ നേതാക്കളുടെ പെണ്‍മക്കള്‍ ദോഹ, പെഷവാര്‍, കറാച്ചി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2022 വർഷം രാജ്യത്തിന് ഏറെ പ്രധാനപ്പെട്ട വർഷം: ചരിത്രത്തിൽ രേഖപ്പെടുത്തിയ വർഷമാണിതെന്ന് പ്രധാനമന്ത്രി

താലിബാന്‍ ആരോഗ്യമന്ത്രി ഖലന്ദര്‍ ഇബാദ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി, വക്താവ് സുഹൈല്‍ ഷഹീന്‍ എന്നിവരുടെ പെണ്‍മക്കളാണ് വിദേശത്ത് പഠിക്കുന്നത് എന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് പറയുന്നത്.

സുഹൈല്‍ ഷഹീന്റെ രണ്ട് പെണ്‍മക്കളും അഫ്ഗാന്‍ ഇസ്ലാമിക് എമിറേറ്റിന്റെ പൊളിറ്റിക്കല്‍ ഓഫീസിന്റെ ആസ്ഥാനമായ ദോഹയിലെ സര്‍ക്കാര്‍ നിയന്ത്രിത സ്‌കൂളില്‍ പഠിക്കുകയാണ്. ഒപ്പം അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളും ദോഹയിലാണ് പഠിക്കുന്നത്. ഇദ്ദേഹത്തിന്റെ മൂത്ത മകള്‍ അവര്‍ പഠിക്കുന്ന സ്‌കൂള്‍ ടീമിന് വേണ്ടി ഫുട്ബോള്‍ പോലും കളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇസ്ലാമാബാദിലെ നംഗര്‍ഹര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും ബിരുദം നേടിയ നേരത്തെ പ്രാക്ടീസ് ചെയ്തിരുന്ന ഫിസിഷ്യനായിരുന്നു താലിബാന്‍ ആരോഗ്യമന്ത്രി ഖലന്ദര്‍ ഇബാദ്. ഇദ്ദേഹം തന്റെ മകളെയും മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അയച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇസ്ലാമാബാദില്‍ ഡോക്ടറായി ഇവര്‍ ജോലി ചെയ്യുന്നുണ്ട്.

സ്റ്റാനിക്സായിയുടെ മകള്‍ ദോഹയിലെ പ്രശസ്ത സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ദോഹയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു എന്നാണ് താലിബാനുമായി അടുത്ത വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പെണ്‍മക്കളെ വിദേശത്ത് പഠിപ്പിക്കുന്ന താലിബാന്‍ നേതാക്കളെ സംബന്ധിച്ച് താലിബാനോട് ദ പ്രിന്റ് അഭിപ്രായം ചോദിച്ചെങ്കിലും വക്താവ് ഷഹീന്റെ ഓഫീസില്‍ നിന്ന് പ്രതികരണം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

താലിബാന്‍ സര്‍ക്കാറിലെ നിരവധി മുതിര്‍ന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മക്കള്‍ ഇപ്പോള്‍ പെഷവാറിലും കറാച്ചിയിലുമായി ഇസ്ലാമിക വിഷയങ്ങളോടൊപ്പം ആധുനിക വിദ്യാഭ്യാസം നല്‍കുന്ന ഇഖ്റ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

താലിബാന്റെ ശക്തമായ സൈനിക കമ്മീഷനിലെ നാല് അംഗങ്ങളുടെ പെണ്‍മക്കള്‍ കഴിഞ്ഞ വര്‍ഷം കാബൂള്‍ പിടിച്ചെടുക്കുന്നതിന് മുമ്പ് ഇഖ്റ സ്‌കൂളുകളില്‍ പഠിച്ചിരുന്നതായി വിവരമുണ്ട്.

കഴിഞ്ഞ വര്‍ഷം താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍. അവരുടെ നേതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്ന് ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ച് 23 ന് സ്‌കൂളുകള്‍ വീണ്ടും തുറന്ന് മണിക്കൂറുകള്‍ക്ക് ശേഷം അവരുടെ തീരുമാനം പിന്‍വലിച്ചു.

ഇതിന് പുറമേ താലിബാന്‍ സ്ത്രീകളെ ജോലിയില്‍ നിന്ന് നീക്കം ചെയ്യുകയും പുരുഷ ബന്ധുവില്ലാതെ യാത്ര ചെയ്യാനുള്ള അവരുടെ കഴിവ് നിയന്ത്രിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം താലിബാന്റെ പ്രമോഷന്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയം ബുര്‍ഖ ധരിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ വ്യാപകമായി ഒട്ടിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button