പാലക്കാട്: ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് ആദിവാസി യുവാവിന് പിഎസ്‌സി ജോലി നിഷേധിച്ചതായി ആരോപണം. പാലക്കാട് ആനവായ് ഊരിലെ മുത്തുവിനാണ് ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷ പാസായി അഭിമുഖം നടത്തിയ ശേഷമാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്ന് മുത്തു പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുത്തുവിന്റെ വെളിപ്പെടുത്തൽ.
‘ചെറുപ്പത്തിൽ വീണതിനെ തുടർന്നാണ് പല്ലിന് തകരാർ വന്നത്. പണമില്ലാത്തതിനാൽ ചികിത്സിക്കാനായില്ല. വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സ്പെഷൽ റിക്രൂട്മെന്റ് ഒഴിവിലേക്ക് ഞാൻ അപേക്ഷിച്ചിരുന്നു. പരീക്ഷയും കായികക്ഷമതയും പാസായി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെ ഘട്ടത്തിൽ ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് എനിക്ക് ജോലി നിഷേധിച്ചു. പണമില്ലാത്തത് കൊണ്ടാണ് അത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാതിരുന്നത്’, മുത്തു പറയുന്നു.
എഴുത്തുപരീക്ഷ വിജയിച്ച് കായികക്ഷമതയും തെളിയിച്ച ശേഷമാണ് മുത്തുവിന് ജോലി നിഷേധിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് സംവരണം ചെയ്തിരിക്കുന്ന തസ്തികയിലേക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. അതേസമയം, മുത്തുവിന്റെ ആരോപണത്തിൽ പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
Post Your Comments