കുമളി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് തീർഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനമറിയിച്ചു. ഇടുക്കി കുമളിക്ക് സമീപമാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.
രക്ഷപെടുത്തിയ ഹരിഹരൻ എന്ന കുട്ടിയെ കുമളി സെന്റ് അഗസ്‌റ്റിൻസ് ആശുപത്രിയിലും രണ്ടുപേരെ തേനി മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ ലോവർ ക്യാമ്പിനും കുമളിക്കും മധ്യേ ആദ്യ പെൻസ്റ്റോക്ക് പൈപ്പിന് സമീപം ഇറൈച്ചിൽപാലത്തിൽ വെള്ളി രാത്രി പതിനൊന്നോടെയാണ് അപകടം. 60 അടി താഴ്‌ചയിലേക്കാണ് വാഹനം മറിഞ്ഞത്. തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിൽ നിന്നുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ ബന്ധുക്കളാണെന്നാണ് വിവരം.
തമിഴ്‌നാട്ടിലേക്ക് മുല്ലപ്പെരിയാർ വെള്ളം കൊണ്ടുപോകുന്ന പെൻസ്‌റ്റോക്ക് പൈപ്പിലെ ഒന്നാംപാലത്തിന് സമീപം പൈപ്പിനുമുകളിലേക്കാണ് വാഹനം മറിഞ്ഞത്. പാലത്തിന് അടിയിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്.
Post Your Comments