ആറാട്ടുപുഴ: ഒല്ലൂർ ചീരാച്ചിയിൽ ശ്വാമിന്റെ വീട് കണ്ണീർക്കടലായി മാറിയിരിക്കുകയാണ്. വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയ തന്റെ മകന്റെ മുഖത്ത് നോക്കി വാവിട്ട് കരയുന്ന ശ്യാമിന്റെയും സ്നേഹയും ചിത്രം ഒരു നൊമ്പരമായി മാറുന്നു. വിവാഹ ആവശ്യത്തിനായുള്ള യാത്രയ്ക്കിടെയാണ് ആറ് വയസുള്ള സമർഥ് എന്ന മിടുക്കനും അവന്റെ മുത്തശ്ശനും മുത്തശ്ശിക്കും ജീവൻ നഷ്ടമായത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം തൊട്ടടുത്തുള്ള പുഴയിലേക്ക് മറിയുകയായിരുന്നു.
ചേർപ്പ് പോലീസും ഇരിങ്ങാലക്കുട ഫയർ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പതിനഞ്ചടി താഴ്ചയിലേക്ക് വീണ കാറിൽ നിന്നും ആളുകളെ സാഹസികമായാണ് പുറത്തെടുത്തതെന്ന് ദൃക്സാക്ഷി പറഞ്ഞു. എതിരെ വാഹനം വരുന്നതുകണ്ട് ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിനു കാരണമായതെന്നു ദൃക്സാക്ഷി സംശയം പ്രകടിപ്പിച്ചു. പതിനഞ്ചടി താഴ്ചയുള്ളതിനാൽ വാഹനം കണ്ടെത്താൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടി.
ഒല്ലൂർ ചീരാച്ചി യശോറാം ഗാർഡൻസിൽ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), കൊച്ചുമകൻ സമർഥ് എന്നിവരാണ് മരിച്ചത്. വിവാഹാവശ്യത്തിനായി കുടുംബസമേതം റിസോർട്ടിലേയ്ക്ക് യാത്ര ചെയ്യവെ ആണ് അപകടം സംഭവിച്ചത്. രാജേന്ദ്ര ബാബു, ഭാര്യ സന്ധ്യ, മകൻ ശരത്ത്, കൊച്ചുമകൻ സമർഥ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. രാജേന്ദ്ര ബാബു ആണ് കാർ ഓടിച്ചിരുന്നത്. രാജേന്ദ്ര ബാബുവിൻ്റെ മകൻ ശരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Post Your Comments