തിരുവനന്തപുരം: ജനുവരി അഞ്ച് മുതൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു.
സ്ഥിരം നിരീക്ഷണത്തിനായി ആർടിഒ എൻഫോഴ്സ്മെന്റ് സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
കിഴക്കേക്കോട്ടയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനധികൃതമായി പാർക്കിങ് നടത്തുന്നതിൽ കെഎസ്ആർടിസി ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനു പുറമെ റൂട്ട് പെർമിറ്റ് ലംഘിച്ച് സർവീസും നടത്തുന്നതിലും പരാതിയുണ്ട്. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.
ജനുവരി 5 മുതൽ സ്വകാര്യ ബസുകളെ നിരീക്ഷിക്കാൻ സ്ഥിരം ആർടിഒ എൻഫോഴ്സ്മെന്റ് സംഘത്തെ കിഴക്കേക്കോട്ടയിൽ നിയോഗിക്കാനാണ് തീരുമാനം.
നൂറു സ്വകാര്യ ബസുകൾക്കാണ് പെർമിറ്റുള്ളത്. എന്നാൽ ഇതൊന്നും കിഴക്കേകോട്ടയിൽ നിന്ന് തുടങ്ങി കിഴക്കേകോട്ടയിൽ അവസാനിക്കുന്നവയല്ല. ഇത് ലംഘിച്ച 4 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
‘ജനങ്ങൾക്ക് വേണ്ടിയാണ് വാഹനങ്ങൾ ഓടേണ്ടത്. ബസ് ഉടമകളുടെ സൗകര്യം അനുസരിച്ചല്ല ഓടേണ്ടത്. സ്വകാര്യ ബസ് ഉടമകൾ ജനുവരി 5 മുതൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തയ്യാറാകണം’- മന്ത്രി പറഞ്ഞു.
Post Your Comments