Latest NewsKeralaIndia

വിശന്ന് വലഞ്ഞ് ഭിക്ഷ യാചിച്ചെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു: മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ് : ഭക്ഷണം കഴിക്കാന്‍ പണം കടം ചോദിച്ചെത്തിയ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പട്‌ള സ്വദേശി ജെ ഷൈനിത് കുമാര്‍(30), ഉളിയത്തുടുക്ക സ്വദേശി എന്‍ പ്രശാന്ത്(43), ഉപ്പള സ്വദേശി മോഷിത് ഷെട്ടി(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സഹായം ചോദിച്ചെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസിയായ യുവാവാണ് അദ്യം ലൈംഗികമായി ഉപദ്രവിച്ചത്.

പിന്നീട് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പല ആളുകളും തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ പീഡനം കാരണം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ നേരിട്ട പെണ്‍കുട്ടി, ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തുപറയുന്നത്.

മയക്കുമരുന്ന് നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് സംഭവത്തില്‍ കേസെടുത്ത കാസര്‍ഗോഡ് വനിത പൊലീസ് പറഞ്ഞു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തൃശൂര്‍, കാസര്‍ഗോഡ്, മംഗളൂരു, ചെര്‍ക്കള തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.  കേസില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കാമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button