ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച നടിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ തരാനെ അലിദൂസ്തിയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തതായി ഇറാനിയന്‍ മാധ്യമമായ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായതും വളച്ചൊടിച്ചതുമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്നും, രാജ്യത്ത് അരാജകത്വത്തിന് പ്രേരിപ്പിച്ചുവെന്നുമാണ് അലിദൂസ്തിയ്‌ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ള കുറ്റം.
ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇറാനിയന്‍ കുര്‍ദിഷ് വംശജയായ ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനി കഴിഞ്ഞ സെപ്റ്റംബര്‍ 16ന് കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മൂന്ന് മാസത്തോളമായി ഇറാനില്‍ വ്യാപകമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നു വരികയാണ്.
പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് തരാനെ അലിദൂസ്തി ഡിസംബര്‍ 8ന് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ചിരുന്നു. അതേ ദിവസം തന്നെയാണ് പ്രതിഷേധത്തിന്റെ പേരില്‍ മൊഹ്‌സെന്‍ ഷെക്കാരിയെന്ന ഇരുപത്തിമൂന്നുകാരനെ അധികാരികള്‍ വധിച്ചത്.
‘നിങ്ങളുടെ നിശബ്ദത അര്‍ത്ഥമാക്കുന്നത് അടിച്ചമര്‍ത്തലിനും പീഡകര്‍ക്കുമുള്ള പിന്തുണയാണ്, ഈ രക്തച്ചൊരിച്ചില്‍ നിരീക്ഷിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യരാശിക്ക് അപമാനമാണ്,’ അലിദൂസ്തി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. 2016ല്‍ ഓസ്‌കാര്‍ നേടിയ ‘ദ സെയില്‍സ്മാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അലിദൂസ്തി പ്രശസ്തയായത്.
Post Your Comments