Latest NewsIndia

തൂക്കിലേറ്റിയപ്പോള്‍ കസബ് പരിഹാസത്തോടെ പുഞ്ചിരിച്ചു, സംസാരിച്ചു: മുംബൈ ഭീകരാക്രമണത്തിന്റെ ഭീകരത പങ്കുവെച്ച് നഴ്‌സ്

ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ആക്രമണത്തില്‍ ഇരയായ അഞ്ജലി വിജയ് കുല്‍ത്തെ. മുംബൈയിലെ കാമ ആന്‍ഡ് ആല്‍ബ്ലെസ് ഹോസ്പിറ്റലിലെ നഴ്സിംഗ് ഓഫീസറാണ് കുല്‍ത്തെ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അവര്‍. പൂര്‍ണഗര്‍ഭിണികളായ 20ഓളം യുവതികളെ രക്ഷിക്കുകയും ഏകദേശം മൂന്ന് മണിക്കൂറുകളോളം അവര്‍ക്ക് സംരക്ഷണം ഒരുക്കാനും കഴിഞ്ഞെന്നും കുല്‍ഥെ തന്റെ അനുഭവം ഓര്‍ത്തുകൊണ്ട് പറഞ്ഞു.

2008 നവംബര്‍ 26 നാണ് പാകിസ്താന്‍ ഇസ്ലാമിക് ഭീകരവാദ സംഘടനയായ ലഷ്‌കര്‍-ഇ-തയ്ബയുടെ നേതൃത്വത്തില്‍ 10 അംഗങ്ങള്‍ ഉള്‍പ്പെടുന്ന തീവ്രവാദികള്‍ മുംബൈയിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്തിയത്. ‘ഞങ്ങളുടെ ആശുപത്രിയില്‍ തീവ്രവാദികള്‍ കടന്ന് വെടിയുതിര്‍ക്കുകയാണെന്ന് ഞാന്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ അറിയിച്ചു. വാര്‍ഡിന്റെ ഒന്നാം നിലയിലേക്ക് കുതിച്ചപ്പോള്‍ അതേ ഭീകരര്‍ ആശുപത്രിയിലെ രണ്ട് സുരക്ഷാ ഗാര്‍ഡുകളെ വെടിവയ്ക്കുന്നത് ഞാന്‍ കണ്ടു. രണ്ടുപേരും വീണു. ദേഹത്ത് രക്തം വാര്‍ന്നൊഴുകുന്ന അവരുടെ അവസ്ഥ കണ്ട് ഞാന്‍ ഭയന്നുപോയി,

പക്ഷേ ധൈര്യം സംഭരിച്ച് ഞാന്‍ ഒന്നാം നിലയിലേക്ക് കുതിക്കുകയായിരുന്നു. ശേഷം പ്രധാന വാതില്‍ അടച്ച് മറ്റൊരു ജോലിക്കാരന്റെ സഹായത്തോടെ എല്ലാ രോഗികളെയും ഒരു കലവറയിലേക്ക് മാറ്റി. തുടര്‍ന്ന് വാതില്‍ പൂട്ടി ഭീകരര്‍ രോഗികളെ കാണാതിരിക്കാന്‍ ലൈറ്റുകള്‍ ഓഫ് ചെയ്തു, എന്തുവിലകൊടുത്തും രോഗികളെ സംരക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്,’ കുല്‍ത്തെ കൂട്ടിച്ചേര്‍ത്തു. മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഒരേയൊരു ഭീകരന്‍ അജ്മല്‍ കസബിനെ കുറിച്ചും കുല്‍ത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു.

‘ഏകദേശം നാല് വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍, നിയമപരമായ എല്ലാ പരിഹാരങ്ങളും തീര്‍ത്ത്, 2012 നവംബര്‍ 21 ന് അവനെ തൂക്കിലേറ്റിയപ്പോള്‍ കസബ് പരിഹാസത്തോടെ പുഞ്ചിരിച്ചു, മാഡം നിങ്ങള്‍ എന്നെ തിരിച്ചറിഞ്ഞു എന്നാണവന്‍ പറഞ്ഞത്’. കസബിന് തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപവും ലജ്ജയും ഉണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണത്തിന് ഇരയായവരെ രക്ഷിക്കാനുള്ള കുല്‍ത്തെയുടെ ശ്രമങ്ങളെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ നിരവധി വിദേശ പ്രതിനിധികള്‍ അഭിനന്ദിച്ചു.

മുംബൈ ഭീകരാക്രമണ സമയത്ത് നഴ്സ് അഞ്ജലി വിജയ് കുല്‍ത്തെയുടെ ധീരതയെ ബ്രിട്ടീഷ് വിദേശകാര്യ സഹമന്ത്രി ലോര്‍ഡ് താരിഖ് അഹമ്മദും അഭിനന്ദിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎന്‍ ഭീകരവിരുദ്ധ യോഗത്തെ അഭിസംബോധന ചെയ്തു. 26/11 മുംബൈ ആക്രമണം ഉള്‍പ്പെടെ നിരവധി തീവ്രവാദ സംഭവങ്ങളിലെ ഇരകള്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന നഴ്സ് അഞ്ജലി കുല്‍ത്തെയുടെ സാക്ഷ്യം കൗണ്‍സിലിനും അന്താരാഷ്ട്ര സമൂഹത്തിനും വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട മുംബൈ ഭീകരാക്രമണം 2008 നവംബര്‍ 26 ആരംഭിച്ച് 2008 നവംബര്‍ 29 വരെ നീണ്ടുനിന്നിരുന്നു. ആക്രമണത്തില്‍ ഒമ്പത് ഭീകരര്‍ ഉള്‍പ്പെടെ 175 പേര്‍ കൊല്ലപ്പെടുകയും 300 ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക കുറ്റവാളി അജ്മല്‍ കസബിന്റെ വധശിക്ഷ മുംബൈ ഹൈക്കോടതി ശരിവെച്ചിരുന്നു. തുടര്‍ന്ന് 2012 ഓഗസ്റ്റ് 29-ന് സുപ്രീം കോടതിയും വിധി ശരിവച്ചു. 2012 നവംബര്‍ 21ന് പ്രാദേശിക സമയം രാവിലെ 7:30 ന് കസബിനെ തൂക്കിലേറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button