കായംകുളം: കേരളത്തിലെ ആദ്യ ഫസാർഡ് ലൈറ്റിംഗ് സംവിധാനവുമായി കായംകുളം കൂട്ടംവാതുക്കൽ കടവ് പാലം മാറി. നിറങ്ങള്‍ മാറി മാറിവരുന്ന ഫസാർഡ് ലൈറ്റിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്ന കേരളത്തിലെ ആദ്യത്തെ പാലമാണ് ഇത്. ദേവികുളങ്ങര-കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽ പാലത്തിലാണ് ഫസാർഡ് ലൈറ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
75 ലക്ഷം രൂപ ചെലവഴിച്ച് പാലത്തിൽ സ്ഥാപിച്ച അലങ്കാര ദീപങ്ങളുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടു വരുന്ന ലൈറ്റിംഗ് സംവിധാനം സഞ്ചാരികളെ ആകർഷിക്കുകയും വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് നിറം മാറ്റാൻ കഴിയുന്ന ഫസാർഡ് ലൈറ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 323 മീറ്റർ നീളമുള്ള പാലത്തിൽ 25 സോളാർ ലൈറ്റുകളും, ഇരുവശങ്ങളിലുമായി സോളാർ മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ ഇലട്രിക്കൽ ഡിവിഷനായിരുന്നു പ്രവർത്തിയുടെ നിർമ്മാണ ചുമതല. ഏകദേശം 5 ലക്ഷത്തിൽ പരം നിറങ്ങൾ മാറ്റിമറിച്ച് പ്രകാശം പരത്താൻ ഈ സംവിധാനത്തിന് കഴിയുമെന്നാണ് പാലത്തിനെക്കുറിച്ച് എ എം ആരിഫ് എംപി വിശദമാക്കുന്നത്. 323 മീറ്റർ നീളമുള്ള പാലത്തിൽ 25 സോളാർ സ്ട്രീറ്റ് ലൈറ്റുകൾ, പാലത്തിന്റെ ഇരു വശങ്ങളിലുമായി സോളാർ മിനി മാസ്റ്റ് ലൈറ്റുകൾ, പാലത്തിൽ നിർമ്മിച്ചിരിക്കുന്ന 5 കമാനങ്ങളിലായി 40 എണ്ണത്തോളം കളർ ലൈറ്റുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. 40 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പാലത്തിന് 323 മീറ്റർ നീളമാണ് ഉള്ളത്. 7.5 മീറ്റർ വീതിയിൽ ക്യാരേജ് വേയും, ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ ഫുട്പാത്തും ഉൾപ്പെടെ ആകെ 11 മീറ്ററാണ് പാലത്തിന്റെ വീതി.
Post Your Comments