Latest NewsIndia

വാടകക്കാരനായ പിഎച്ച്ഡി വിദ്യാർത്ഥിയെ വീട് വിറ്റ് കിട്ടിയ പണം തട്ടാനായി കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ തള്ളി വീട്ടുടമ

 

ഗാസിയാബാദ്: പിഎച്ച്ഡി വിദ്യാർത്ഥിയായ വാടകക്കാരനെ കൊന്ന് കഷ്ണങ്ങളാക്കി മൃതദേഹം കനാലില്‍ തള്ളിയ കേസില്‍ വീട്ടുടമ അറസ്റ്റില്‍. അങ്കിത് ഖോക്കര്‍ എന്ന പിഎച്ച്ഡി വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലാണ് ഗാസിയാബാദ് ജില്ലയില്‍ നിന്ന് ഉമേഷ് ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കിത് ഖോക്കര്‍ അടുത്തിടെ ബാഗ്പട്ടിലെ തന്റെ തറവാട് ഭൂമി 1 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഈ പണം തട്ടിയെടുക്കുന്നതിനാണ് കൊലപാതകം നടത്തിയത്.

ഉമേഷിന്റെ സുഹൃത്ത് പര്‍വേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 6 നാണ് കൊലപാതകം നടത്തിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അങ്കിതിന്റെ മാതാപിതാക്കള്‍ മരിച്ചത്. അതിനു ശേഷം അയാള്‍ തനിച്ചായിരുന്നു താമസം. അങ്കിത് ലഖ്‌നൗവിലെ ഒരു സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ്. അങ്കിതിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മഴു ഉപയോഗിച്ച് മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് ശരീരഭാഗങ്ങള്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞു. അതില്‍ ഒന്ന് മുസാഫര്‍നഗറിലെ ഖതൗലിയിലെ കനാലിലും മറ്റൊന്ന് മുസ്സൂറി കനാലിലും ഒരു ഭാഗം എക്‌സ്പ്രസ് വേയിലുമാണ് പ്രതി ഉപേക്ഷിച്ചത്. ശരീരഭാഗങ്ങള്‍ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. വീട്ടുടമയായ ഉമേഷിന് അങ്കിത് 40 ലക്ഷം രൂപ കടം നല്‍കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. അങ്കിതിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് പ്രതി 20 ലക്ഷം രൂപ പിന്‍വലിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

പിന്നീട് ഇയാള്‍ എടിഎം കാര്‍ഡ് സുഹൃത്തായ പര്‍വേഷിനെ നല്‍കുകയും ഉത്തരാഖണ്ഡില്‍ പോയി പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണം വഴിതിരിച്ചു വിടാന്‍ അങ്കിതിന്റെ മൊബൈല്‍ ഫോണും ഇയാള്‍ പര്‍വേഷിന് നല്‍കിയിരുന്നുവെന്ന് ഗാസിയാബാദ് റൂറല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഇരാജ് രാജ് പറഞ്ഞു. ഡിസംബര്‍ 1, 2, 12 തീയതികളില്‍ ഹരിദ്വാര്‍, ഋഷികേശ്, റൂര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ഓരോ തവണയും എടിഎമ്മില്‍ നിന്ന് 40,000 രൂപ വീതം പര്‍വേഷ് പിന്‍വലിച്ചതായും പൊലീസ് പറഞ്ഞു.

കുറച്ച് ആഴ്ചകളായി അങ്കിതിനെ സുഹൃത്തുക്കള്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും അങ്കിത് കോള്‍ എടുത്തിരുന്നില്ല. സംശയം തോന്നിയ സുഹൃത്തുക്കള്‍ അങ്കിതിനായി അന്വേഷണം ആരംഭിച്ചതോടെയാണ് പൊലീസും സംഭവത്തില്‍ ഇടപെട്ടത്. അങ്കിതിന്റെ മൊബൈല്‍ നമ്പറില്‍ നിന്ന് ചില സന്ദേശങ്ങൾ സുഹൃത്തുക്കള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അതൊന്നും അങ്കിത് മുമ്പ് അയച്ചിരുന്നതിനു സമാനമായ രീതിയിലുള്ളതായിരുന്നില്ല.തിരിച്ചു വിളിക്കുമ്പോള്‍ കോളുകള്‍ക്ക് മറുപടിയും ലഭിച്ചിരുന്നില്ല. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്.

അങ്കിതിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി മൂന്ന് സ്ഥലങ്ങളിലേക്കും പൊലീസ് സംഘത്തെ അയച്ചിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ഫോറന്‍സിക് സംഘം ആയുധം കണ്ടെടുത്തിട്ടുണ്ട്. അങ്കിത് കഴിഞ്ഞ ആറ് മാസമായി ഉമേഷിന്റെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button