തിരുവനന്തപുരം: പേരൂർക്കട വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം വഴയില സ്വദേശിനി സിന്ധു (51 ) ആണ് മരിച്ചത്. കീഴടങ്ങിയ പങ്കാളി പത്തനംതിട്ട സ്വദേശിയായ രാകേഷിനെ (45 ) പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നു രാവിലെ 9.30നാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ, രാകേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു.
ഹോംനഴ്‌സിങ് സ്ഥാപനത്തിലെ ജോലിക്കാരിയായ സിന്ധു, ബസ്സിറങ്ങിയശേഷം സ്ഥാപനത്തിലേക്ക് നടന്നുപോകുന്നതിനിടെ വാക്കത്തിയുമായി പിന്നാലെയെത്തിയ രാകേഷ് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും കുട്ടികളുമുള്ള രാകേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്തെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തന്റെ പണവും സ്വത്തും തട്ടിയെടുക്കാൻ സിന്ധു ശ്രമിക്കുകയാണെന്ന് രാകേഷ് ആരോപിച്ചു. തുടർന്ന് രാകേഷ് സമീപത്തെ മറ്റൊരു വീട്ടിൽ ഒറ്റയ്ക്ക് താമസം ആരംഭിച്ചു.
ഇതിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ഇയാൾ സ്വയം പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു. സിന്ധുവിന്റെ കഴുത്തിന് മുന്നു വെട്ടുകളേറ്റുവെന്നാണ് വിവരം. കിളിമാനൂർ പൊലീസ് സ്‌റ്റേഷനിനു സമീപം ഇയാൾക്ക് ജ്യൂസ് കടയുണ്ട്. കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments