Latest NewsArticleKeralaNewsWriters' Corner

ആരാണ് മാളികപ്പുറത്തമ്മ ? അയ്യപ്പന്റെ കാമുകിയോ അമ്മയോ: പ്രചരിക്കുന്ന പലതിലും സത്യമില്ലെന്ന് ആർ രാമാനന്ദ് എഴുതുന്നു

മാളികപ്പുറം ബലി നിരോധനത്തിന് ശേഷം ശബരിമലയിൽ പല അനിഷ്ട സംഭവങ്ങളും ഉണ്ടായി.

വിവാദങ്ങൾ വിട്ടൊഴിഞ്ഞ നേരം ശബരിമലയിലില്ല. ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്നവണ്ണം എല്ലാവർഷവും ശബരിമല ഒരു വിവാദ കേന്ദ്രമാണ്. ലോകത്ത് ഇത്രയധികം ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമലയിൽ മാത്രം എന്തുകൊണ്ട് ഇത്രയും വിവാദങ്ങൾ? ക്ഷേത്രം തീവെപ്പ്, അരവണ വിവാദം, കൊടിമര വിവാദം, തന്ത്രിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ, ദേവപ്രശ്ന വിവാദം, മകരജ്യോതി വിവാദം , ഒടുവിൽ ഉയർന്നുവന്ന യുവതീ പ്രവേശന വിവാദം വരെ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും വിവാദങ്ങൾ ശബരിമലയെ മാത്രം കേന്ദ്രീകരിച്ച് ഉണ്ടായിട്ടുണ്ട് . എന്നാൽ ഇതിലൊക്കെ ഏറ്റവും വിചിത്രമായുള്ള കാര്യം ശബരിമലയിലെ മൂർത്തി ആരാണ് എന്ന അവ്യകതത തന്നെയാണ്. ആരാണ് ശാസ്താവ് ? ആരാണ് അയ്യപ്പൻ? ആരാണ് മാളികപ്പുറത്തമ്മ? ആരുടെതായിരുന്നു ക്ഷേത്രം, ആർക്കാണ് അവിടെ ആരാധാ അധികാരം ഉണ്ടായിരുന്നത് തുടങ്ങി പലവിധം സംശയങ്ങൾക്കും മൂല സ്രോതസ്സായി നിലനിൽക്കുന്നത് ശബരിമലയിലെ പ്രധാന മൂർത്തി സങ്കല്പം എന്താണ് എന്നത് തന്നെയാണ് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് മനസിലാകും.

read also: ചൈനീസ് വിപണി കീഴടക്കാൻ റിയൽമി വി23ഐ എത്തി, പ്രധാന സവിശേഷതകൾ അറിയാം

പലവിധ വാദങ്ങൾ ശബരിമലയിലെ മൂർത്തി സങ്കൽപ്പത്തെക്കുറിച്ച് ഉയർന്നുവന്നിട്ടുണ്ട് . ശബരിമല ഒരു ആദിവാസി ആരാധനാ കേന്ദ്രം ആണെന്നും, ബൗദ്ധവിഹാരം ആയിരുന്നുവെന്നും, സിദ്ധ സങ്കേതം ആണെന്നും, പന്തളത്തെ വളർത്തു മകനായ മണികണ്ഠന്റെ സമാധി സ്ഥാനം ആണെന്നും, വൈദിക പ്രാധാന്യമുള്ള ശാസ്താവ് എന്ന മൂർത്തിയുടെ ആരാധനാകേന്ദ്രം ആണെന്നും തുടങ്ങി ഒരുപാട് വാദങ്ങൾ ഇതേക്കുറിച്ച് ഉയർന്നുവന്നിട്ടുണ്ട്. ഓരോ വാദവും മറ്റു വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് നിലനിൽക്കാനാണ് ശ്രമിക്കുന്നത്. ചരിത്രപരമായ ഒരു രീതി സ്വീകരിക്കുകയാണെങ്കിൽ ശബരിമലയിലെ ആരാധന സമ്പ്രദായത്തിന് മേൽപ്പറഞ്ഞ എല്ലാ സമ്പ്രദായങ്ങളുടെയും സ്വാധീനം ഉണ്ടായിട്ടുണ്ട് എന്ന് കാണാൻ സാധിക്കും. അപ്പോഴും മാറാതെ നിൽക്കുന്ന ശബരിമലയുടെ മൂർത്തി സങ്കല്പം ഏത് എന്ന് നമുക്ക് ചിന്തിക്കേണ്ടതുണ്ട്. ശബരിമലയിലെ പ്രധാന മൂർത്തി ഏതാണ് എന്ന് ചിന്തിക്കുന്നതിനായി, കേരളത്തിന്റെ പ്രാചീന ചരിത്രം കുറച്ചൊന്നു മനസ്സിലാക്കേണ്ടത.
ശബരിമലയിൽ നിലനിൽക്കുന്ന മൂർത്തി സങ്കൽപ്പത്തെ കുറിച്ച് അന്വേഷിക്കുന്ന സമയത്ത് അതിൻറെ വേരുകൾ വളരെ പ്രാചീന കാലഘട്ടത്തിലേക്ക് ഇന്നത്തെ കേരളവും തമിഴ്നാടും ആന്ധ്രയുടെ തെക്കൻ ഭാഗങ്ങളും കർണാടകയുടെ കുറച്ചു ഭാഗങ്ങളും ഉൾപ്പെടുന്ന വിശാല തമിഴകത്തിന്റെ ചരിത്രത്തിലേക്ക് നീണ്ടുപോകുന്നതാണ്.

പ്രാചീന തമിഴകത്തിന്റെ ചരിത്രം ലിഖിത പാഠമായി നിലനിൽക്കുന്നത് സംഘകാലഘട്ടത്തിലെ രചനകളിലാണ്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് രാജവംശങ്ങൾ, മൂവരശർ എന്ന് പുകൾപെറ്റ ചേര-ചോള-പാണ്ഡ്യ രാജവംശങ്ങളിൽ, പാണ്ഡ്യ രാജവംശമാണ് സംഘത്തിൻറെ സ്ഥാപകർ എന്നാണ് ചരിത്ര പണ്ഡിതന്മാരുടെ അഭിപ്രായം1. സംഘം, അഥവാ ചങ്കം എന്നറിയപ്പെടുന്ന വിജ്ഞരുടെ ഒരു കൂട്ടം സ്വന്തമായി കൃതികൾ എഴുതിയും, പഴയ കൃതികൾ ഗുണദോഷ വിചിന്തനം ചെയ്യുകയും, ആനുകാലികമായ കൃതികളെ പരിശോധിച്ച് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. സംഘ കാലഘട്ടത്തെ, മുതൽസംഘം ഇടൈ സംഘം കടൈ സംഘം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. മുതൽസംഘ കാലഘട്ടത്തെ ചരിത്രാതീത കാലഘട്ടത്തിലേക്ക് വരെ കൊണ്ടുപോകാനുള്ള ശ്രമം തമിഴ് ഭാഷാ പണ്ഡിതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. എന്നാൽ ആ കാലഘട്ടത്തെ രേഖപ്പെടുത്താവുന്ന ചരിത്രരേഖകളൊന്നും ലഭ്യമല്ലാത്തതിനാൽ മുതൽസംഘം നിലവിലുണ്ടായിരുന്നില്ല എന്നും അത് ഒരുപക്ഷേ സുവർണ്ണ ഭൂതകാലത്തെ കുറിച്ചുള്ള ഒരു കാൽപനിക നിർമ്മിതി ആയിരുന്നു എന്നും ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. ഇടൈ സംഘകാലഘട്ടത്തെ കുറിച്ചും ഇത്തരത്തിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ഉള്ളൂർ എസ് പരമേശ്വരയ്യർ കേരളസാഹിത്യ ചരിത്രത്തിൽ കടൈ സംഘകാലഘട്ടം മാത്രമേ നിലവിൽ ഉണ്ടായിരുന്നുള്ളൂവെന്നും മുതൽ ഇടൈ സംഘങ്ങൾ നിലവിലുണ്ടായിരുന്നില്ല എന്നും അഭിപ്രായപ്പെടുന്നുണ്ട്2. എന്നാൽ ഇന്ന് പല ചരിത്രകാരന്മാരും ഇടൈ കടൈ സംഘകാലഘട്ടം നിലവിലുള്ളതായി തന്നെ അംഗീകരിക്കുന്നു.

സംഘ കാലഘട്ടത്തെ മൂന്നാം നൂറ്റാണ്ട് ബിസിക്കും മൂന്നാം നൂറ്റാണ്ട് ഏ ഡി യ്ക്കുമിടയിൽ ചരിത്രത്തിൽ അടയാളപ്പെടുത്തി കാണുന്നുണ്ട് . തമിഴകത്തിന്റെ ജനതയെയും അവരുടെ വിശ്വാസത്തെയും, ജീവന രീതികളെയും തുടങ്ങി ഭൗതികവും ആത്മീയവുമായ എല്ലാ വിഷയങ്ങളെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നതാണ് സംഘ കാല കൃതികൾ.

സംഘകാലകൃതികളിൽ കേരളം ഉൾപ്പെടുന്ന തമിഴകത്തിന്റെ ഭൂമിശാസ്ത്രത്തെ കുറിച്ചും, ഓരോ ഭൂമികയിലും ജീവിച്ചുവന്ന ജനവിഭാഗങ്ങളുടെ തൊഴിലിനെ കുറിച്ചും അവർ ആരാധിച്ചു വന്ന മൂർത്തികളെ കുറിച്ചും വ്യക്തമായ പരാമർശങ്ങളുണ്ട്.

സംഘകാലഘട്ടത്തിലെ ഭൂമിയും തൊഴിലും ദേവതകളും

അഞ്ചു തിണകളായി ആയിരുന്നു സംഘകാലഘട്ടത്തിൽ ഭൂവിഭാഗങ്ങളെ തരംതിരിച്ചത്. കുറിഞ്ചി, മുല്ലൈ, മരുതം, പാലൈ , നെയ്തൽ എന്നിങ്ങനെയായിരുന്നു ഭൂമിയുടെ തരംതിരിവ്. ഇതിൽ കുറിഞ്ചി മലമ്പ്രദേശമാണ് അതുകൊണ്ടുതന്നെ അവിടെ ജീവിച്ചിരുന്ന ജനത വേട്ടയാടിയും മറ്റുമാണ് ഉപജീവനം കഴിച്ചിരുന്നത്. ഇവരുടെ ദേവനായി തമിഴ് സാഹിത്യത്തിൽ കാണുന്നത് ചേയോൻ എന്ന ചുകന്ന ദൈവത്തിനെ ആണ്. ചേയോനെ തന്നെയാണ് തമിഴ് ജനത മുരുകൻ എന്ന് വിളിച്ചത്, എന്നാൽ സഹ്യപർവ്വതത്തിന്റെ പടിഞ്ഞാറ് ഭാഗത്തും ചേയോൻ എന്ന മല ദൈവത്തെപ്പോലെ ചാത്തൻ എന്ന പേരില് മറ്റൊരു മല ദൈവത്തെ കാണുന്നു. ചാത്തനെ ഒരു ദൈവം എന്ന നിലയിൽ തന്നെ സംഘകാലകൃതികളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. ചാത്തൻ കോവിലിൽ പോയി കണ്ണകി പ്രാർത്ഥിച്ചു എന്ന ചിലപ്പതികാരത്തെ ആസ്പദമാക്കി എഴുതിയ ചിലമ്പിൻ കഥൈ എന്ന ഗ്രന്ഥത്തിൽ പ്രസ്താവിച്ച കാണുന്നുണ്ട്. ശാസ്താ എന്ന് നമ്മൾ വിളിക്കുന്ന ദേവത ആദിദ്രാവിഡത്തിൽ ചാത്തൻ തന്നെയാണ്. ഇതേ ചാത്തനെ നമ്മൾ ഇന്ന് കേരളത്തിൽ കുട്ടിച്ചാത്തൻ എന്ന പേരിൽ ആരാധിച്ചുവരുന്നത് കാണുന്നുണ്ട്.
തിണകളിൽ വെച്ച് മുല്ലൈ വനപ്രദേശമാണ്. വനവാസികൾ ആയിരുന്നു അവിടെ ജീവിച്ചിരുന്നത് കറുത്തവൻ എന്നർത്ഥമുള്ള മായോൻ ആയിരുന്നു ഇവരുടെ ദൈവം. പിന്നീട് കൃഷ്ണൻ എന്നോ വിഷ്ണു എന്നൊക്കെ മായോനെ വിളിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഇടയരുടെ ദേവനായാണ് മായോനെ നമ്മൾ കാണുന്നത്. കൃഷ്ണനും ഇടയ സമൂഹവുമായുള്ള ബന്ധം അഭേദ്യമാണ് എന്നുള്ളതും ശ്രദ്ധേയമാണ്.

മരുതം പുഷ്കല പ്രദേശമാണ് കർഷകരായിരുന്നു മരുതത്തിൽ താമസിച്ചിരുന്നത് . കൃഷിക്ക് ജലം വളരെ അത്യാവശ്യമാണ് എന്നതിനാൽ മഴ ദൈവമായ വേന്ദൻ മരുതത്തിൽ ഉള്ളവർക്ക് ആരാധ്യൻ ആയിരുന്നു. ആര്യവൽക്കരണ കാലഘട്ടത്തിൽ വേന്ദൻ പിന്നീട് ഇന്ദ്രനായി പരിണമിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.
നെയ്തൽ കടലോരമാണ്. മീൻപിടുത്തം, മീൻ വിൽപന തുടങ്ങിയവയൊക്കെയാണ് നെയ്തൽ പ്രദേശത്തുള്ളവരുടെ ഉപജീവനമാർഗ്ഗം കടലോൻ അഥവാ വരുണൻ ആണ് ഇവരുടെ ആരാധ്യദേവത. വരുണൻ വൈദിക സാഹിത്യത്തിലും ഒരു പ്രധാന ദേവൻ ആയി കാണാം. വൈദിക ദ്രാവിഡ സംസ്‌കൃതികൾ ചേർന്നിട പഴകിയപ്പോൾ സംഭവിച്ച കൊടുക്കൽ വാങ്ങൽ ആകാം എന്ന് ചരിത്ര പണ്ഡിതന്മാർ ഇതേ കുറിച്ച് അഭിപ്രായപ്പെടുന്നു.

പാലൈ കൃഷിക്ക് അനുയോജ്യമല്ലാത്ത ഊഷരഭൂമിയാണ്. മറവർ എന്ന കള്ളർ വിഭാഗത്തിൽപ്പെട്ട അക്രമകാരികളും, കൊള്ളക്കാരും ആയിരുന്നു ഇവിടെ വസിച്ചത് എന്നാണ് പറയപ്പെടുന്നത്. മലയാളത്തിൽ കള്ളൻ എന്ന വാക്കു വരുന്നത് മറവരുടെ കള്ളർ എന്ന പേരിൽ നിന്നാണ്. ഇവരുടെ സമര ദേവത ആയിട്ടുള്ള കൊറ്റവൈ ആയിരുന്നു ദ്രാവിഡത്തിലെ ആദി മാതൃസങ്കൽപ്പം. കൊറ്റവൈയുടെ ഉറച്ചിൽ വന്നുറയാത്ത മറവ തരുണികൾ അന്ന് മറവ മനങ്ങളിൽ4 ഉണ്ടായിരുന്നില്ല എന്ന് പറയപ്പെടുന്നു. ചേയോന്റെ വെറിയാട്ടും കൊറ്റവൈയുടെ ഉറഞ്ഞുതുള്ളലും ആദിദ്രാവിഡത്തിന്റെ ആരാധന സമ്പ്രദായത്തിന്റെ പ്രത്യേകതയാണ്. തെയ്യം കെട്ടി ദൈവമാകുന്നതും, വെളിച്ചപ്പാട് ആയി ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന രീതി ആദിദ്രാവിഡമായ ഉറഞ്ഞുതുള്ളലിന്റെ (Shamanistic Oracle) അവശേഷിപ്പാണ്.കൊറ്റവൈ എന്ന സമര ദേവതയുടെ മകനാണ് ചേയോൻ എന്ന് സംഘകാല കൃതികളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. തിരുമുരുകാറ്റു പടയിൽ ‘വെറ്റിവേൽ കൊറ്റവൈ ചിറുവാ’ എന്ന പ്രയോഗം, കൊറ്റവൈയുടെ മകനാണ് ചേയോൻ എന്ന് ഉറപ്പിക്കുന്നതാണ്. മലൈ മകൾകുമാരൻ എന്ന് ചേയോനെ വിളിക്കുന്നതും പാർവതിയുടെ (മലൈ മകൾ) മകനാണ് മുരുകൻ എന്ന് ഇപ്പോൾ പറയുന്നതും സംഘകാലത്തിനു മുൻപ് തന്നെ നിലനിന്ന അമ്മ മകൻ ആരാധനയുടെ തുടർച്ചയാണ്. കേരളത്തിൽ ഈ കൊറ്റവൈയെ കരിനീലി എന്ന ദേവതയായും മകനായ ചേയോനു പകരം ചാത്തനായും കണ്ടു. ചാത്തനും നീലിക്കുമല്ലാതെ കാവുകൾ കേരളത്തിൽ ഉണ്ടായിരുന്നില്ല, പിന്നീട് അയ്യപ്പൻ എന്ന വേട്ട ദൈവ വിശ്വാസം ഉറച്ചപ്പോൾ ചാത്തന് പകരം അയ്യപ്പനും, നീലിക്കു പകരം ദുർഗ്ഗയും ജനമധ്യത്തിൽ സ്വാധീനമുറപ്പിച്ചു.
ശബരിമല എന്ന ആദിദ്രാവിഡ കാവിലും കൊറ്റവൈയും (കരിനീലിയും) ചാത്തനും തന്നെയാണ് പ്രധാന ആരാധന സമ്പ്രദായമായി നിലനിൽക്കുന്നത്.

മാളികപ്പുറത്തമ്മ എന്ന കൊറ്റവൈ

ശബരിമലയിൽ ഒരുപക്ഷേ അയ്യപ്പനോളം തന്നെ പ്രാധാന്യമുള്ള ദേവതാസങ്കല്പമാണ് മാളികപ്പുറത്തമ്മ. മാളികപ്പുറത്തമ്മ ആരാണ് എന്ന ചോദ്യം അയ്യപ്പൻ ആരാണ് എന്ന ചോദ്യത്തിന്റെ അത്രയും സങ്കീർണമാണ്. അതിന് ലഭിക്കുന്ന ഉത്തരങ്ങൾ ഒരുപാട് ശങ്കകൾക്കു ഇട നൽകുന്നതുമാണ്. അതിന് കാരണം ശബരിമലയിലെ പ്രധാന മൂർത്തി സങ്കല്പത്തെക്കുറിച്ച് കാലാകാലങ്ങളായി പ്രചരിച്ചു വരുന്ന പരസ്പരബന്ധമില്ലാത്ത കഥകളാണ്. ശ്രീ ഭൂതനാഥോപാഖ്യാനം പ്രകാരം മാളികപ്പുറത്തമ്മയുടെ ഉത്ഭവം ഇങ്ങനെയാണ് കാണുന്നത്. ”ത്രിമൂർത്തികളുടെ അംശം ഒന്നുചേർന്ന് അത്രിമഹർഷിയുടെ അനസൂയയുടെയും പുത്രനായി പുരാണ പ്രസിദ്ധനായ ദത്താത്രേയൻ ജനിച്ചു സരസ്വതി ലക്ഷ്മി പാർവതി എന്നീ ത്രിശക്തികൾ ഒന്നുചേർന്ന് ഗാലവ മഹർഷിയുടെ പുത്രിയായി ലീലയും പിറന്നു. ദത്താത്രേയനും ലീലയും തമ്മിലുള്ള വിവാഹം നടക്കുകയും പിന്നീട് ഒരവസരത്തിൽ ദത്താത്രേയന്റെ ശാപത്താൽ ലീല മഹിഷി ആയിത്തീർന്നു. മഹിഷിയായ ലീലയെ മർദ്ദിച്ച് മണികണ്ഠൻ ശാപമോക്ഷം നൽകി. അസുര ജന്മത്തിൽ നിന്ന് മുക്തി ലഭിച്ച ലീല, ഭഗവാൻ അയ്യപ്പനോട് പ്രേമാഭ്യർത്ഥന നടത്തി. എന്നാൽ ഈ ജന്മത്തിൽ നൈഷ്ടിക ബ്രഹ്മചര്യം വ്രതമായി സ്വീകരിച്ച എനിക്ക് ദേവിയെ വിവാഹം കഴിക്കാൻ സാധ്യമല്ല എന്ന് അയ്യപ്പൻ അറിയിച്ചു. എന്നാൽ ദേവി ലോകാരാധ്യനായ മഞ്ച മാതാവ് എന്ന പേരിൽ ശബരിമലയിൽ എൻറെ ഇടതുഭാഗത്തായി ആരാധിക്കപെടും എന്നും അയ്യപ്പൻ ഉറപ്പുനൽകി5. മനോഹരമായ മാളികയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട ആലയത്തിൽ ഇരിക്കുന്നതുകൊണ്ട് മാളികപുറത്തമ്മ എന്നപേരും ലഭിച്ചു.

ഈ കഥകൾക്കൊപ്പം തന്നെ നിലനിൽക്കുന്ന മറ്റൊരു വിശ്വാസമാണ് അയ്യപ്പനെ പ്രണയിച്ച ചീരപ്പൻചിറ കളരിയിലെ മൂപ്പന്റെ മകളാണ് ലീല എന്നും അയ്യപ്പനെ വിവാഹം കഴിക്കാനായി താപസിയായി ലീല ശബരിമലയിൽ കഴിയുന്നു എന്നുമുള്ള വിശ്വാസങ്ങൾ.

ശബരിമലയിൽ എത്തുന്ന ഭക്തരായ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് കന്നി അയ്യപ്പൻ വരാതിരിക്കുന്ന കാലത്ത്. അയ്യപ്പന്റേയും മാളികപ്പുറത്തമ്മയുടെയും വിവാഹം നടക്കുമെന്നാണ്. മാളികപ്പുറത്തെ ഉത്സവത്തിന്റെ അവസാനദിവസം മാളികപ്പുറത്തമ്മ ശരംകുത്തിയിലേക്ക് കൊട്ടും വാദ്യവുമായി എഴുന്നള്ളി കന്നി അയ്യപ്പൻ തറച്ച ശരം ഉണ്ടോ എന്ന് നോക്കുന്നതും ശരം ഉണ്ടെന്നു ബോധ്യപ്പെട്ടു നിശബ്ദമായി വിഷമിച്ചു തിരിച്ചുപോകുന്നതും ഇതുമായി ബന്ധപെട്ട ശബരിമലയിലെ ഒരു ആചാരം ആണ് എന്നാണ് പരക്കെയുള്ള വിശ്വാസം.

ഇങ്ങനെ ഒരു കഥ തന്നെ പരസ്പരവിരുദ്ധമാണ് എന്ന് തെളിയിക്കാൻ ശബരിമലയിലെത്തുന്ന കന്നി അയ്യപ്പനെ മാളികപ്പുറത്തമ്മ അനുഗ്രഹിക്കുമോ? എന്ന ഒരൊറ്റ ചോദ്യം മതി. മാളികപ്പുറത്തമ്മ ദേവി ലോക മഞ്ചമാതാവേ എന്ന് ശരണം വിളിച്ചു ചെല്ലുന്ന കന്നി അയ്യപ്പൻ ഫലത്തിൽ അയ്യപ്പ- മാളികപ്പുറത്തമ്മ വിവാഹത്തിന് പ്രതിസന്ധി ഉണ്ടാക്കുകയല്ലേ ചെയ്യുന്നത്?

അപ്പോൾ ശബരിമലയിലെ വിശ്വാസരീതികളോട് ഐക്യപ്പെടാത്തതാണ് ഈ കാമുകി-കാമുക സിദ്ധാന്തം എന്ന് നമ്മുക്കുറപ്പിച്ചു പറയാം. എങ്കിൽ ആരാണ് മാളികപ്പുറത്തമ്മ?
മാളികപ്പുറത്തമ്മ അയ്യപ്പൻറെ കാമുകി അല്ല പാണ്ഡ്യരാജാക്കന്മാരുടെ കുലദേവതയായ മധുരമീനാക്ഷി ആണെന്നാണ് പന്തളം രാജ കൊട്ടാരത്തിന്റെ ഔദ്യോഗിക നിലപാട്ആ അർത്ഥത്തിൽ പാണ്ട്യ കുമാരനായ അയ്യപ്പൻറെ മാതൃ ഭാവത്തിലാണ് മധുരമീനാക്ഷിയുടെ സ്ഥാനം.

പന്തളം കൊട്ടാരത്തിന്റെ അഭിപ്രായത്തിൽ മാളികപ്പുറത്തമ്മയ്ക്ക് വിളക്കുവെപ്പ് അല്ലാതെ മറ്റൊരു ആഘോഷവും ഇല്ല. ശരംകുത്തിയിലേക്ക് ഉള്ള എഴുന്നളിപ്പ് മാളികപ്പുറത്തമ്മയല്ല അയ്യപ്പനാണ് നടത്തുന്നത്. പടഹാദി ഉത്സവം പതിവുള്ള ശബരിമലയിൽ ആചാരപ്രകാരം മകരം ഒന്നു മുതൽ ഏഴ് വരെ മാത്രമേ പ്രവേശനാനുമതി ഉള്ളൂ ആ സമയത്ത് ശബരിമലയിലെ ശബ്ദകോലാഹലങ്ങൾ കേട്ട് മാറിനിൽക്കുന്ന മല ദൈവങ്ങളെ അയ്യപ്പൻ നേരിട്ടുചെന്ന് വിളിച്ചു കൊണ്ടു വരുന്നതാണ് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. അങ്ങോട്ട് പോകുമ്പോൾ ഉത്സവം കഴിഞ്ഞു പോകുന്ന കൊട്ടും വാദ്യവും ഇങ്ങോട്ടു വളരെ നിശബ്ദമായി മലദൈവങ്ങളെയും കൂട്ടി തിരിച്ചു വരുകയും ചെയ്യുന്ന മനോഹരമായ ഒരു ആചാരമാണ് ശരംകുത്തി എഴുന്നള്ളത്ത്‌. മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് എന്ന പേരിൽ ഇന്ന് നടത്തുന്ന ചടങ്ങ് കെട്ടുകഥകളുടെ മുകളിൽ കെട്ടി ഉയർത്തിയ അനാചാരമാണെന്ന് പന്തളം കൊട്ടാരം സാക്ഷ്യപ്പെടുത്തുന്നു.

അയ്യപ്പൻറെ മാതൃ ഭാവത്തിലുള്ള സങ്കല്പമാണ് മാളികപ്പുറത്തമ്മ എന്ന കാര്യത്തിൽ അയ്യപ്പന്റെ പിതൃത്വത്തിൽ തർക്കമുള്ള മലയരയർക്കും പന്തളം കൊട്ടാരത്തിനും സമാന അഭിപ്രായമാണ്. മാളികപ്പുറത്തമ്മ കൊറ്റവൈ ആണ് എന്ന് തന്നെയാണ് മലയരുടെ വാദം.
മാളികപ്പുറത്തമ്മ എന്ന ദേവതാസങ്കല്പം ശാസ്താവിന്റെ മാതൃസങ്കൽപ്പം ആണ് എന്നും ശ്രീവിദ്യാ സമ്പ്രദായത്തിലെ ലളിതാ പരമേശ്വരി തന്നെയാണ് എന്നും താന്ത്രിക സമ്പ്രദായം പിന്തുടരുന്നവർ വിശ്വസിക്കുന്നു. അയ്യപ്പൻ ശ്രീചക്രം ഉപാസിച്ചിരുന്നത് മണിമണ്ഡപത്തിൽ ആണ് എന്നും അതുകൊണ്ടാണ് മകരവിളക്കിന്റെ അന്ന് നടക്കുന്ന ക്ഷേത്ര പ്രദക്ഷിണ എഴുന്നള്ളത്ത്‌ തുടങ്ങുന്നതും ഒടുങ്ങുന്നതും മണി മണ്ഡപത്തിൽ ആകുന്നതു എന്നുമാണ് മാളികപ്പുറത്തമ്മയ്ക്കു അജബലി കൊടുക്കുന്ന റാന്നി കുന്നേകാട്ടു കുറുപ്പന്മാരുടെ വിശ്വാസം. ശാസ്താവ് ശ്രീവിദ്യാ സമ്പ്രദായത്തിലെ പ്രധാന ദേവതയും ലളിതാ പരമേശ്വരിയുടെ മകനും ആണ് എന്നതും ഇതോടൊപ്പം ചേർന്ന് പോകുന്നതാണ്. എഴുന്നള്ളത്തിനു ആനപ്പുറത്തു അയ്യപ്പന്റെ തിടമ്പ് കയറ്റി കഴിഞ്ഞാൽ മാളികപ്പുറത്തമ്മയ്ക്കു നേരെ തിടമ്പ് ഒന്നാട്ടുന്ന പതിവുണ്ട്. ഇത് അയ്യപ്പൻ അമ്മയെ വണങ്ങുന്നതാണ്6.
ഇതേ മാളികപ്പുറത്തമ്മ ശബരിമല ബൗദ്ധ സങ്കേതം ആണെന്ന വാദം ഉയർത്തുമ്പോൾ താര എന്ന ബൗദ്ധ ദേവതയായി മാറുന്നതും കാണാം.

ഈ പറഞ്ഞ എല്ലാ വിശേഷണങ്ങളും ശബരിമലയിലെ ആദി ദേവതാസങ്കല്പം ആയ സംഘകാലകൃതികളിൽ ഒക്കെ ഒരുപാട് പാടിപ്പുകഴ്ത്തിയ കൊറ്റവൈ എന്ന ദേവതാ സങ്കൽപ്പത്തിന് മുകളിൽ അടിഞ്ഞുകൂടിയ വിശ്വാസത്തിൻറെ അടരുകൾ ആണ് എന്ന് കാണാൻ സാധിക്കും.

മാളികപ്പുറത്തമ്മ കൊറ്റവൈ എന്ന മാതൃസങ്കല്പമാണ്. കൊറ്റവൈ എന്ന സംഘകാല ദേവത ബലിപൂജകൾ ഏറ്റു വാങ്ങുന്ന ഒരു ഉഗ്രമൂർത്തി സങ്കൽപ്പമാണ്, സംഘകാല കൃതികളിൽ കൊറ്റവയുടെ ബലിപൂജകളെ കുറിച്ച് വിശദമായ പരാമർശങ്ങൾ ഉണ്ട്. കുരുതി എന്ന പേരിൽ നടത്തിയ ബലിയെ കവിയായ കുന്ദപിള്ളൈ ചാത്തനാർ എന്ന സംഘകാല കവി അകനാനൂറിന്റെ 309 -മത്തെ പാട്ടിൽ പറയുന്നു.
‘തെയ്‌വം ചേർന്ത പരാരൈ വേമ്പിർ
കൊഴുമ്പാ എറിന്തു കുരുതി തൂയ പുലവു പുഴുക്കുണ്ട’
ആര്യവേപ്പിൻചോട്ടിലെ ദേവതയ്ക്കു പശുവിനെ വെട്ടി കുരുതി തൂകിയിട്ടു ശേഷിച്ച മാംസം (പുലവു) കൊണ്ടു പുഴുക്കുണ്ടാക്കി മറവർ എന്ന വർഗ്ഗക്കാർ ഉണ്ടു എന്നാണ്7.
മാളികപ്പുറത്തമ്മ ഉഗ്രദേവതാ ഭാവത്തിലുള്ള കൊറ്റവൈ ആണ് എന്നതിന്റെ തെളിവാണ് സമീപകാലം വരെ ശബരിമലയിൽ നിലനിന്ന അജബലിയുടെ സൂചനകൾ നൽകുന്നത്. 1936 ൽ മൃഗബലി നിരോധനം നിലവിൽ വന്നതിനു ശേഷവും ബലി പ്രതീകാത്മകമായി അവിടെ നടത്തിവരുന്നുണ്ട്.8

മാളികപ്പുറം ബലി നിരോധനത്തിന് ശേഷം ശബരിമലയിൽ പല അനിഷ്ട സംഭവങ്ങളും ഉണ്ടായി. അതെ തുടർന്നുണ്ടായ ഒരു പ്രശ്ന വിധിയിൽ പമ്പയിൽ രാജമണ്ഡപത്തോടു ചേർന്ന് ഒരു തറ നിർമ്മിച്ചു. ഇന്നും വിഷു ഉത്സവത്തിന് ശേഷം ഈ തറയിൽ മദ്യവും, മാംസവും, വറപൊടിയും അർപ്പിച്ചു കൊണ്ട് ചൊവ്വ, വെള്ളി ദിവസങ്ങളിൽ പൂജ നടത്തുന്നു. ശബരിമലയിലെ അജബലിക്കു അധികാരമുണ്ടായിരുന്ന റാന്നി കുന്നേക്കാട്ട് കുറുപ്പ്‌നമാർ ആണ് ഇത് ചെയ്തു വരുന്നത്9. തീർത്തും അബ്രാഹ്മണ രീതിയിൽ പൂജകൾ ഉള്ള ഒരു ആരാധന കേന്ദ്രമാണ് ശബരിമല എന്നാണ് ഇതെല്ലം തെളിയിക്കുന്നത്.

മാളികപ്പുറത്തമ്മയും മകരവിളക്കും

ശബരിമലയിലെ പ്രധാന ഉത്സവമാണ് മണ്ഡല കാലത്തെ മകരവിളക്ക്, മകരവിളക്ക് വാസ്തവത്തിൽ മാളികപ്പുറത്തമ്മയുടെ ഉത്സവം ആണ്. എല്ലാ ദേവി ക്ഷേത്രങ്ങളിലും എന്ന പോലെ ദേവിയുടെ ആർത്തവ കാലമാണ് ഉത്സവം ആയി കൊണ്ടാടപ്പെടുന്നത്. മകരവിളക്കുമായി ബന്ധപ്പെട്ട മകരജ്യോതി കൊറ്റവയുമായി വളരെ അധികം ബന്ധപെട്ടു നിൽക്കുന്ന്താണ് . കൊറ്റവൈ എന്ന സമര ദേവതയുടെ ആസ്ഥാനമായി ചേരന്മാർ കരുതിയത് ഐരമലയാണ്. ഐരമലയിൽ കൊറ്റവൈ എന്നത് വളരെ പ്രസിദ്ധമാണ്. ഐരമല ശബരിമലയിലെ പൊന്നമ്പലമേടാണെന്നും, അല്ല ശബരിമല തന്നെയാണെന്നും കറുത്തപെടുന്നുണ്ട്. എന്നാൽ പറമ്പിക്കുളം ഭാഗത്തുള്ള മറ്റൊരു മലയാണ് ഐരമല എന്നാണ് ഇപ്പോൾ അന്വേഷിച്ചാൽ അറിയാൻ പറ്റുന്നത്. അയിരിമലയാണ് ഐരമല ആയി തീർന്നതു. അയിരി എന്നാൽ കൊറ്റവൈ എന്ന് തന്നെയാണ് അർത്ഥം. പതിറ്റിപ്പത് എന്ന സംഘകാല കൃതി കൊറ്റവൈയെ അയിരി അഥവാ ആര്യാ എന്ന് അടയാളപെടുത്തി കാണുന്നു10.
ഉരുകെഴു മരപിൻ ആയിരൈ പരൈഇ (പതി. 88:12 )
ഉരുകെഴു മരപിൻ ആയിരൈ രവിയും പരവിയും (പതി. 90:11)
അയിരിക്കു മറ്റൊരു അർത്ഥമുള്ളതു നക്ഷത്രം എന്നാണ്. നക്ഷത്രത്തെ കൊറ്റി എന്ന് വിളിക്കുന്നതും കൊറ്റവൈയുമായുള്ള ബന്ധം കൊണ്ട് തന്നെയാണ്. ഇത് പോലെ മകയിരം (മക അയിരം ) എന്ന നക്ഷത്രം കൊറ്റവൈയുമായി വലിയ ബന്ധം ഉള്ള നക്ഷത്രമാണ്, മൃഗശീർഷം (മാൻതല )എന്നറിയപ്പെടുന്ന മകയിരം നക്ഷത്രം കൊറ്റവൈ എന്ന ആദിദ്രാവിഡ ദേവതയുടെ പ്രതീകം തന്നെ ആയിരുന്നു. കേരളത്തിലെ പുരാതന കാളി കാവുകളിൽ ഒരു പീഠവും അതിനു മുകളിൽ ഒരു മാൻ കൊമ്പും വെക്കുന്ന രീതി അടുത്ത കാലം വരെ തുടർന്നിരുന്നുഎന്നതും കാണിക്കുന്നത് കാവുകളിൽ നിലനിന്ന കൊറ്റവൈ ആരാധന തന്നെയാണ്.

ഇങ്ങനെ കേരളത്തിലെമ്പാടും ഉണ്ടായിരുന്ന കൊറ്റവൈയുടെയും ചാത്തന്റെയും ആലയങ്ങൾ, പിന്നീട് ദുർഗ്ഗാക്ഷേത്രങ്ങളും ശാസ്താ ക്ഷേത്രങ്ങളുമായി മാറി. ഈ പരിണാമം വളരെ സ്വാഭാവികമായിരുന്നില്ല പരശുരാമ കഥയുൾപ്പടെയുള്ള പുരാവൃത്തങ്ങൾ ചമച്ചു സമർത്ഥമായി കൈവശപ്പെടുത്തിയതാണ്. ഇങ്ങനെ കേരളത്തിലെ ഉള്ളാടരും, ഊരാളികളും, മലമ്പണ്ടാരങ്ങളും, മലയരയരും തുടങ്ങിയ അടിസ്ഥാന വിഭാഗം അവരുടെ ദേവതകളെ വെച്ചാരാധിച്ച ശബരിമല എന്ന ആദി ദ്രാവിഡ സ്ഥാനവും കവർന്നെടുത്തതാണ്.

അവലംബം
1. വിവികെ വാലത്ത് – കേരളത്തിലെ സ്ഥലചരിത്രങ്ങൾ -പാലക്കാട് ജില്ല; കേരള സാഹിത്യ അക്കാഡമി
2. വിവികെ വാലത്ത് – കേരളത്തിലെ സ്ഥലചരിത്രങ്ങൾ -തൃശ്ശൂർ ജില്ല; ; കേരള സാഹിത്യ അക്കാഡമി
3. വിവികെ വാലത്ത് – കേരളത്തിലെ സ്ഥലചരിത്രങ്ങൾ –എറണാകുളം ജില്ല; കേരള സാഹിത്യ അക്കാഡമി
4. കുഞ്ഞിക്കുട്ടൻ ഇളയിടത്-കൊടുങ്ങല്ലൂർ ക്ഷേത്ര ഇതിഹാസം ; ദേവി ബുക്ക്സ്റ്റാൾ കൊടുങ്ങല്ലൂർ
5. പ്രൊഫ : എസ് അച്ചുത വാര്യർ : കേരള സംസ്കാരം ; കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്
6. ഉള്ളൂർ എസ് പരമേശ്വര അയ്യർ : കേരള സാഹിത്യ ചരിത്രം; കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്
7. കാട്ടുമാടം നാരായണൻ – മന്ത്രവാദം കേരളത്തിൽ; മാതൃഭൂമി ബുക്ക്സ്
8. സുകേഷ് പി. ഡി : ഭൂതനാനാഥോപാഖ്യാനം ; വൈഖരി ബുക്ക്സ്
9. കെഎം ഭരതൻ – കുട്ടിച്ചാത്തൻ പഠനങ്ങൾ പഠനവും സമാഹരണവും; കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്
1പ്രൊഫ : എസ് അച്ചുത വാര്യർ : കേരള സംസ്കാരം
2ഉള്ളൂർ എസ് പരമേശ്വര അയ്യർ : കേരള സാഹിത്യ ചരിത്രം
3പ്രൊഫ : എസ് അച്ചുത വാര്യർ : കേരള സംസ്കാരം
4കുഞ്ഞിക്കുട്ടൻ ഇളയത്: കൊടുങ്ങല്ലൂർ ക്ഷേത്രേതിഹാസം
5സുകേഷ് പി. ഡി : ഭൂതനാനാഥോപാഖ്യാനം
6രതീഷ്‌കുമാർ അയ്യപ്പ കുറുപ്പുമായി (റാന്നി കുന്നേക്കാട്ട് കുറുപ്പൻ ) ചെയ്ത അഭിമുഖത്തിൽ നിന്ന് .
7വിവികെ വാലത്ത് – കേരളത്തിലെ സ്ഥലചരിത്രങ്ങൾ തൃശ്ശൂർ ജില്ല.
8കുമ്പളം വെട്ടി ബലി നൽകുന്ന രീതിയാണ് ഇന്ന് പിന്തുടരുന്നത്.
9രതീഷ്‌കുമാർ അയ്യപ്പ കുറുപ്പുമായി (റാന്നി കുന്നേക്കാട്ട് കുറുപ്പൻ ) ചെയ്ത അഭിമുഖത്തിൽ നിന്ന്.
10ഡോ: കെ ഉണ്ണി കിടാവ് – സംഘകാല കൃതികളിലെ തമിഴ് സംസ്കാരം

ഡോ. ആര്‍ രാമാനന്ദ്
ശിവം മാഗസിന്‍ എഡിറ്ററും ജയസൂര്യ നായകനാകുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം കത്തനാരിന്റെ തിരക്കഥാകൃത്തുമാണ് ലേഖകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button