പ്രതീക്ഷയുടെ തിരിനാളവുമായാണ് ഓരോ പുതുവര്‍ഷവും ആഘോഷിക്കപ്പെടാറുള്ളത്. 2022 വിട പറയുമ്പോൾ സംഭവിച്ച നല്ലതല്ലാത്ത അനുഭവങ്ങള്‍ മറന്നുകൊണ്ട് നന്മ മാത്രം പുലരുന്ന ഒരു നല്ല കാലം സ്വപ്നം കണ്ടാണ് എല്ലാ തവണയും നമ്മള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാറുള്ളത്. ഇതുവരെ കണ്ടു പരിചയമില്ലാത്ത ഒരു സാഹചര്യമാണ് കഴിഞ്ഞ ഒരു വര്‍ഷങ്ങളായി ലോകജനത മുഴുവന്‍ നേരിട്ടത്.
ഇപ്പോഴും വൈറസുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവസാനിച്ചിട്ടില്ലെങ്കിലും ശുഭ പ്രതീക്ഷയാണ് ഓരോരുത്തരിലും അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വര്‍ഷത്തേക്കാളും മനോഹരമായി 2023നെ നമുക്ക് വരവേല്‍ക്കാം. അതിനായി നമ്മളും നമ്മുടെ വീടും പുതുമയോടെ ഒരുങ്ങണം. കഴിയുന്നത്ര അലങ്കാരങ്ങളുമായി ഒരു പോസിറ്റിവ് എനര്‍ജി നിറയ്ക്കുകയാണെങ്കില്‍ നല്ലൊരു മനസോടു കൂടി പുതുവര്‍ഷത്തെ വരവേൽക്കാം.
പുതുവത്സരം ഭംഗിയാക്കാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് ന്യൂ ഇയര്‍ ട്രീകള്‍ (ഫിർ മരങ്ങൾ). കൃത്രിമമായി നിര്‍മ്മിച്ചവയും ഉപയോഗിക്കാം. വീട്ടില്‍ കൂടുതല്‍ നോട്ടമെത്തുന്ന സ്ഥലങ്ങളില്‍ വേണം ഇവ സ്ഥാപിക്കാൻ. ലൈറ്റുകൾ, മണികൾ, നക്ഷത്രങ്ങൾ എന്നിവ പോലുള്ള അലങ്കാര വസ്തുക്കൾ കൊണ്ട് അലങ്കരിച്ചു ഭംഗിയാക്കാം.
പല നിറങ്ങളിലുള്ള ചെറുതും വലുതുമായ ബലൂണുകള്‍ ഉപയോഗിച്ച് വീടിനു അകവും പുറവും അലങ്കരിക്കാം. വാതിലുകളിലും സ്വീകരണ മുറികളിലുമെല്ലാം ബലൂണുകള്‍ തൂക്കിയിടാം. ചെറിയ കുട്ടികളുള്ള വീടാണെങ്കില്‍ ബലൂണുകളുടെ എണ്ണം കുറയ്ക്കേണ്ട. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നിങ്ങളുടെ വീട്ടിലെ ടേബിളുകള്‍ മനോഹരമായി ഒരുക്കാന്‍ മറക്കരുത്. അത് ഡൈനിങ്ങ് ടേബിള്‍ ആയാലും കാഴ്ച്ചയില്‍ വരുന്ന മറ്റേത് ടേബിള്‍ ആണെങ്കിലും ആകര്‍ഷണീയമായ രീതിയില്‍ അവയെ ഒരുക്കണം.
നിങ്ങളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ വരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം ചെയ്യണം. ഡൈനിങ്ങ് ടേബിളുകള്‍ക്ക് മുകളില്‍ ഒരു വൃത്തിയുള്ള തൂവെള്ള തുണി വിരിയ്ക്കുന്നത് നല്ല ആകര്‍ഷണം നല്‍കും. അതിനു മധ്യത്തിലായി ഒരു മനോഹരമായ പൂ വെയ്ക്കാം. അല്ലെങ്കില്‍ വളരെ ശ്രദ്ധയോടെ മെഴുകുതിരികള്‍ കത്തിച്ചു വെയ്ക്കാം.
വെളിച്ചം എല്ലായ്‌പ്പോഴും മനോഹരമാണ്. പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മെഴുകുതിരി അലങ്കാരം നിര്‍ബന്ധമാണ്. വെള്ള നിറത്തിലുള്ള മെഴുകു തിരികള്‍ മാത്രമല്ല, വ്യത്യസ്ത നിറങ്ങളിലുള്ള നിരവധി മെഴുകുതിരികള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ മനോഹരമാകും.
വീടിന്റെ ഓരോ കോണിലും വര്‍ണ്ണ പേപ്പറിൽ നിർമ്മിച്ച തിളങ്ങുന്ന നക്ഷത്രങ്ങള്‍ തൂക്കിയിട്ട് മനോഹരമായ ഒരു പുതുവത്സര വേദി ഒരുക്കാം. വലിയ നക്ഷത്രങ്ങളും കൂടുതല്‍ ആകര്‍ഷണീയമായ കുഞ്ഞു നക്ഷത്രങ്ങളും ഉപയോഗിച്ച് അലങ്കരിയ്ക്കാം. അതിനിടെ നിങ്ങളുടെ കൈയിലുള്ള ലൈറ്റുകള്‍ തെളിയുന്ന നക്ഷത്രങ്ങളും കൂടി മുന്‍ വശത്ത് തൂക്കിയിടുന്നത് നല്ലതാണ്.
പുതുവർഷത്തിനായുള്ള എക്കാലത്തെയും പ്രിയപ്പെട്ട അലങ്കാര ഇനങ്ങളാണ് പൂക്കള്‍. വീടുകളുടെ പ്രധാന കവാടം അലങ്കരിക്കുന്നതിനായി പൂക്കള്‍ ഉപയോഗിക്കാം. ഒരിയ്ക്കലും വാടാത്ത പേപ്പർ പൂക്കളും ഇതിനായി തിരഞ്ഞെടുക്കാം. മുന്‍ വാതിലിലും ബാല്‍ക്കണിയിലും പൂക്കള്‍ വെച്ച് മനോഹരമാക്കാം. കൂടാതെ, ലൈറ്റ് ഡെക്കറെഷന്‍, റിബൺ എന്നിവ ഉപയോഗിച്ചും നമ്മുടെ വീട് അലങ്കരിക്കാം.
Post Your Comments