Latest NewsArticleNews

പുതുവർഷം ആ​ഘോഷിക്കാം ഫോർട്ട്കൊച്ചിയിൽ

പുതുവർഷം എത്തുകയാണ്. കേരളത്തിൽ തന്നെ പുതുവർഷം ആഘോഷിക്കാൻ ആ​ഗ്ര​ഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലമാണ് ഫോർട്ട്കൊച്ചി. ഫോർട്ട്കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങൾ വർണാഭമാണ്. ഹാർബർ പാലം മുതൽ തുടങ്ങുന്നു ആഘോഷത്തിന്റെ അണിഞ്ഞൊരുങ്ങൽ.

പശ്ചിമ കൊച്ചിയിലെ ഓരോ മണൽത്തരിയിലും അലങ്കാരങ്ങൾ നിറയുന്ന കാലമാണ് പുതുവർഷം. ഇവിടുത്തെ കൊച്ചി കാർണിവലും ഗംഭീരം ആണ്. എല്ലാ വർഷവും ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കുന്ന പുതുവർഷ ഉത്സവമാണ് കൊച്ചി കാർണിവൽ. വിവിധ ആഘോഷങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണു കാർണിവലിലൂടെ ചെയ്യുന്നത്.

1985 യുവജന വർഷമായി ആഘോഷിക്കണമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ പ്രഖ്യാപനം 1984-ൽ പുറത്തു വന്നിരുന്നു. അങ്ങനെ രാജ്യാന്തര യുവജന വർഷാചരണം നടത്താൻ ഫോർട്ട്കൊച്ചിയിലെ യുവാക്കളുടെ കൂട്ടായ്മ എടുത്ത തീരുമാനത്തിൽ നിന്നാണു കാർണിവൽ പിറവിയെടുത്തത്. 1984-ൽ ബീച്ച് ഫെസ്റ്റിവലായി തുടങ്ങിയ ആഘോഷം തൊട്ടടുത്ത വർഷം മുതൽ ഡിസംബർ അവസാന വാരം മുതൽ പുതുവർഷാരംഭം വരെ നടക്കുന്ന കാർണിവലായി ആഘോഷിച്ചു തുടങ്ങി. തുടങ്ങിയതു മുതൽ ഇതുവരെ ഫോർട്ട്കൊച്ചിയിലെ കാർണിവൽ മുടക്കമില്ലാതെ നടക്കുന്നു. ഐക്യത്തിന്റെ സന്ദേശമാണു കാർണിവൽ മുന്നോട്ടു വയ്ക്കുന്നത്.

Read Also : പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം, ഓരോ കോണിലും ആഘോഷങ്ങൾ ഇങ്ങനെ

ഇവിടുത്തെ പുതുവർഷത്തിന്റെ പ്രധാന ആഘോഷങ്ങളിലൊന്നു പപ്പാഞ്ഞിയാണ്. കാർണിവൽ ആഘോഷത്തോടനുബന്ധിച്ചു ഫോർട്ട്കൊച്ചി കടപ്പുറത്തു കൂറ്റൻ പപ്പാഞ്ഞി സ്ഥാപിക്കും. വളരെ കൗതുകകരമായ ഭീമൻ പാപ്പാഞ്ഞിയുടെ പ്രതീകാത്മക രൂപത്തിനു പൂതുവർഷപുലരിയോടെ തീക്കൊളുത്തുക എന്നതാണ് കാർണിവലിന്റെ പ്രധാന ചടങ്ങ്. ചുവന്ന മേലങ്കി ധരിച്ചു തൂവെള്ള താടിയുള്ള തലയിൽ തൊപ്പി ധരിച്ച പപ്പാഞ്ഞിമാർ പശ്ചിമ കൊച്ചിയുടെ പലഭാഗത്തും നിരക്കും. പോയ വർഷത്തിന്റെ പ്രതീകമായാണു പപ്പാഞ്ഞിയെ ഒരുക്കുന്നത്. 31-ന് അർധരാത്രി ഇവയെ അഗ്നിക്കിരയാക്കും. പോയവർഷത്തെ തിന്മകളെയെല്ലാം ഉപേക്ഷിച്ചു നന്മകൾ നിറഞ്ഞ പുതുവർഷത്തെ സ്വാഗതം ചെയ്യുന്ന പരമ്പരാഗത ചടങ്ങാണിത്.

ഫോർട്ട് കൊച്ചിയിൽ കാർണിവൽ കാണുവാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദർശകർ എത്തുന്നു. ഒപ്പം ആയിരക്കണക്കിന് വിദേശികളും. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാർണിവലിന്റെ ഭാഗമായി നടക്കുന്നു. പ്രാദേശിക സംഘാടക സമിതിയാണ് ഈ പരിപാടി നടത്തുന്നത്. രണ്ടുലക്ഷത്തോളം പേരാണ് റാലിയിൽ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button