ദോഹ: ഖത്തര്‍ ലോകകപ്പ് സെമിയില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ഫൈനലിലെത്താൻ കഴിയുമെന്ന് ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ച്. തങ്ങൾ പൂര്‍ണ സജ്ജമാണെന്നും അര്‍ജന്റീനയെ നേരിടാന്‍ കാത്തിരിക്കുകയാണെന്നും ലൂക്കാ മോഡ്രിച്ച് പറഞ്ഞു. മെസിയാണ് അവരുടെ ഏറ്റവും മികച്ച കളിക്കാരനെന്നും മെസിയെ നേരിടല്‍ ശ്രമകരമാനൊന്നും താരം പ്രതികരിച്ചു.
‘ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഫൈനല്‍ പ്രതീക്ഷിക്കുന്നു. ക്രൊയേഷ്യന്‍ ദേശീയ ടീമിന് റയല്‍ മാഡ്രിഡിന്റെ അതേ ജനിതകമാണ്. എല്ലായ്പ്പോഴും അവസാനം വരെ വിട്ടുവീഴ്ച്ചയില്ലാതെ ഞങ്ങള്‍ പോരാടും,’ മോഡ്രിച്ച് പറഞ്ഞു.
അര്‍ജന്റീനയെ ആത്മവിശ്വാസത്തോടെ നേരിടുമെന്ന് ക്രൊയേഷ്യന്‍ പരിശീലകന് സ്ലാറ്റ്കോ ഡാലികും വ്യക്തമാക്കിയിരുന്നു. ‘2018ലെ റണ്ണറപ്പായ കൊയേഷ്യന്‍ ടീം മെസിയെ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. സെമി ഫൈനല്‍ മത്സരത്തില്‍ അച്ചടക്കമാണ് പ്രധാനം. ഞങ്ങള്‍ മെസിക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്’.
എന്നാല്‍, പ്ലെയര്‍ ഓണ്‍ പ്ലെയര്‍ ശൈലിയിലല്ല വേണ്ടത്. മെസി പന്ത് കാലില്‍ വെച്ച് കളിക്കാന്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഞങ്ങളുടെ പ്രതിരോധത്തിന്റെ താക്കോല്‍ അച്ചടക്കമായിരിക്കും. ബ്രസീലിനെതിരെ ഇതു തന്നെയാണ് ഞങ്ങള്‍ പ്രയോഗിച്ചത്. ഞങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ല’.
തങ്ങള്‍ എളുപ്പത്തില്‍ പരുക്കേല്ക്കുന്നവരാണെന്ന് അര്‍ജന്റീന തന്നെ കാണിച്ചു തന്നു. നെതര്‍ലന്‍ഡിനെതിരെ രണ്ട് ഗോളിന് ലീഡ് ചെയ്ത അവര്‍ ഒടുവില്‍ 2-2ലെത്തി. കഷ്ടിച്ച് പെനാല്‍റ്റിയിലേക്ക് നീങ്ങി. ഞങ്ങള്‍ പരമാവധി പ്രകടനം പുറത്തെടുക്കും. നൂറ് ശതമാനം ഏകാഗ്രതയോടെ മത്സരത്തിനിറങ്ങും’ ഡാലിക്ക് പറഞ്ഞു.
Post Your Comments