കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് യുവാവ് പിടിയില്‍. താമരശ്ശേരി അമ്പയത്തോട് സ്വദേശി നംഷിദി( 35) നെയാണ് അറസ്റ്റ് ചെയ്തത്. 7.06 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് ഇയാൾ പിടിയിലായത്.
താമരശ്ശേരി പഴയ ചെക്ക് പോസ്റ്റിനടുത്തുള്ള വർക്ക് ഷോപ്പിൽ വെച്ചാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് കടത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് റൂറൽ എസ്പി ആർ. കറപ്പസ്വാമിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരി വില്പന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. കാറിന്റെ എസി വെന്റിലേറ്ററിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പാക്കിങ് സാധനങ്ങളും ത്രാസും ഡാഷ് ബോർഡിന്റെ ഉള്ളിൽ നിന്നുമാണ് കണ്ടെത്തിയത്.
ഇയാളുടെ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ്പിയുടെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങിലക്കണ്ടി ആണ് പരിശോധന നടത്തിയത്. സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, സുരേഷ് വി.കെ, ബിജു പൂക്കോട്ട്, താമരശ്ശേരി എസ് ഐമാരായ ശ്രീജിത്ത് വി.എസ്, സത്യൻ. കെ, ജയദാസൻ, എഎസ്ഐ ജയപ്രകാശ്പി കെ, സി.പി.ഒ മാരായ ജിലു സെബാസ്റ്റ്യൻ, പ്രവീൺ. കെ,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി ജെ എഫ് സി എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments