തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനമായ ഇന്ന് മത്സര വിഭാഗത്തിലെ മലയാള ചിത്രം ‘അറിയിപ്പ്’ ഉള്‍പ്പടെ 67 ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷ ചെല്ലോ ഷോയുടെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. അന്തരിച്ച അഭിനയപ്രതിഭ പ്രതാപ് പോത്തന് രാജ്യാന്തര മേള ആദരമൊരുക്കും.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മത്സരചിത്രം ‘അറിയിപ്പി’ന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനമാണ് ഇന്ന് നടക്കുക. നേരത്തെ ലൊക്കാര്‍ണോ മേളയില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ടാഗോര്‍ തീയറ്ററില്‍ ഉച്ച കഴിഞ്ഞ് 2.30 നാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒപ്പംറഷ്യ-ഉക്രൈയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ കഥ പറയുന്ന ക്ലൊണ്ടൈക്ക്, ഇറാനിയന്‍ ചിത്രം ഹൂപ്പോ എന്നീ ചിത്രങ്ങളും ഇന്ന് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ചെല്ലോ ഷോ ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷയാണ്. വിഖ്യാത സംഗീതജ്ഞന്‍ ജോണി ബെസ്റ്റ് ഒരുക്കുന്ന തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ മുര്‍ണോവിന്റെ നോസ്ഫെറാറ്റു വൈകിട്ട് ആറിന് ടാഗോറില്‍ പ്രദര്‍ശിപ്പിക്കും.
അന്തരിച്ച ചലച്ചിത്രപ്രതിഭ പ്രതാപ് പോത്തന്‍ നായകനായ കാഫിര്‍ ഇറാനില്‍ നിരോധിക്കപ്പെട്ട ലൈലാസ് ബ്രദേഴ്‌സ്, വീറ്റ് ഹെല്‍മര്‍ ചിത്രം ദി ബ്രാ,
സ്പാനിഷ് നിയമം തിരുത്തിയെഴുതിച്ച പ്രിസണ്‍ 77, റഷ്യന്‍ ചിത്രം ബ്രാറ്റന്‍, ദി ബ്ലൂ കഫ്താന്‍, യു ഹാവ് ടു കം ആന്‍ഡ് സീ ഇറ്റ്, ദി ഫോര്‍ വാള്‍സ് , കൊര്‍സാജ്, ട്രോപിക് എന്നീ ചിത്രങ്ങളും ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മലയാളി സംവിധായകന്‍ പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍ എന്ന ചിത്രത്തിന്റെ ലോകത്തെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ടാകും.
Post Your Comments