ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയായി ഉയരാനൊരുങ്ങി ഇന്ത്യ. ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 6.9 ശതമാനം വളർച്ച കൈവരിക്കും. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക വളർച്ച 6.5 ശതമാനം നേട്ടം കൈവരിക്കുമെന്നായിരുന്നു മുൻപ് ലോകബാങ്ക് പ്രവചിച്ചിരുന്നത്. എന്നാൽ, സാമ്പത്തിക വളർച്ച 6.5 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി ഉയരുമെന്നാണ് നിലവിൽ ലോകബാങ്കിന്റെ വിലയിരുത്തൽ.
ജിഡിപി വളർച്ചയ്ക്ക് പുറമേ, പണപ്പെരുപ്പത്തിന്റെ തോതും കുറയുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. ചരക്ക് വിലയിലെ ഇടിവ് പണപ്പെരുപ്പ സമ്മർദ്ദത്തെ കുറയ്ക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ സാമ്പത്തിക നയവും ഉയർന്ന ചരക്ക് വിലയുമാണ് രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളായി ലോകബാങ്ക് കണക്കാക്കുന്നത്. ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ പ്രതികൂല സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും, മറ്റ് സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ആഗോള മാന്ദ്യത്തിന് ഇന്ത്യയിൽ കുറഞ്ഞ സ്വാധീനം മാത്രമാണ് ചെലുത്താൻ സാധിക്കുകയുള്ളൂ എന്ന് ലോകബാങ്ക് വ്യക്തമാക്കി.
Post Your Comments